രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ടീമില്‍, മാച്ച് വിന്നര്‍ ടീമിനൊപ്പമില്ല; ടീം പ്രഖ്യാപിച്ച് ഇന്ത്യ
Sports News
രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ടീമില്‍, മാച്ച് വിന്നര്‍ ടീമിനൊപ്പമില്ല; ടീം പ്രഖ്യാപിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st August 2022, 7:24 pm

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പിയായ ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്താതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹര്‍ദിക്കിന് പകരം റിഷബ് പന്തിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിനേഷ് കാര്‍ത്തിക്കും പ്ലെയിങ് ഇലവനിലുണ്ട്. രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും കളത്തിലിറങ്ങുന്ന മത്സരത്തില്‍ പന്താവും വിക്കറ്റിന് പിന്നില്‍ കരുത്താവുക.

രോഹിത്തും രാഹുലും തന്നെയാവും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി വിരാടും നാലാമനായി സൂര്യകുമാര്‍ യാദവും ക്രീസിലെത്തും.

ഭുവനേശ്വര്‍ കുമാറാണ് പേസ് നിരയെ നയിക്കുക. അനുഭവ സമ്പത്തുള്ള ഭുവനേശ്വറിന് പുറമെ യുവതാരങ്ങളായ ആവേശ് ഖാനും അര്‍ഷ്ദീപ് സിങ്ങുമാണ് പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുക.

ഹോങ് കോങ്ങിനെ കറക്കിവീഴ്ത്താന്‍ ചഹലും ജഡേജയും ഇറങ്ങുമ്പോള്‍ ആറാം ബൗളര്‍ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

അതേസമയം, ടോസ് നേടിയ ഹോങ് കോങ് ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. പേസിനെയും സ്പിന്നിനെയും ഒരുപോലെ തുണക്കുന്ന പിച്ചില്‍ ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കാനാവും ഹോങ് കോങ് ശ്രമിക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍

ഹോങ് കോങ് പ്ലെയിങ് ഇലവന്‍

നിസാകത് ഖാന്‍ (ക്യാപ്റ്റന്‍), യാസിം മുര്‍താസ, ബാബര്‍ ഹയാത്, കിഞ്ചിത് ഷാ, ഐസാസ് ഖാന്‍, സ്‌കോട് മെന്‍ക്കെന്‍ചീ (വിക്കറ്റ് കീപ്പര്‍), സീഷന്‍ അലി, അര്‍ഷാദ് മുഹമ്മദ്, ഇഷാന്‍ ഖാന്‍, ആയുഷ് ശുക്ല, മുഹമ്മദ് ഘസ്‌നിഫര്‍

Content Highlight: India vs Hong Kong, Team Announced