| Friday, 26th January 2024, 7:52 am

ഇവന്‍ ഇടംകയ്യന്‍ സേവാഗ്!! ബാസ്‌ബോള്‍ എന്തെന്ന് ഇംഗ്ലണ്ടിനെ പഠിപ്പിച്ച് ജെയ്‌സ്വാള്‍; ആദ്യ ദിനം തന്നെ അടിച്ചുകൂട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഒന്നാം ദിനം മികച്ച പ്രകടനവുമായി ഇന്ത്യ. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 119 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും വണ്‍ ഡൗണായി ഇറങ്ങിയ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 246 പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ ഇന്ത്യ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ അതേ ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ജെയ്‌സ്വാളും ചേര്‍ന്ന് മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തി.

ഏഴ് ഓവര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ജെയ്ഹിത് സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

ടീം സ്‌കോര്‍ 80 നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. ജാക്ക് ലീച്ച് എറിഞ്ഞ 13ാം ഓവറിലെ രണ്ടാം പന്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 27 പന്തില്‍ 24 റണ്‍സാണ് താരം നേടിയത്.

രോഹിത് പുറത്തായെങ്കിലും മറുവശത്ത് നിന്ന് ജെയ്‌സ്വാള്‍ അടി തുടര്‍ന്നു. നേരിട്ട ആദ്യ പന്ത് മുതല്‍ക്കുതന്നെ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്ത ജെയ്‌സ്വാള്‍ ബാസ്‌ബോള്‍ ശൈലിയില്‍ തന്നെ ഇംഗ്ലണ്ടിനെതിരെ ബാറ്റ് വീശി.

കരിയറിലെ അഞ്ചാം ടെസ്റ്റും ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റും കളിക്കാനിറങ്ങിയ ജെയ്‌സ്വാള്‍ അതിന്റെ ഒരു ആശങ്കയുമില്ലാതെയാണ് ബാറ്റ് വീശിയത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിന്റ അതേ ആറ്റിറ്റ്യൂഡിലാണ് ജെയ്‌സ്വാളും കളത്തിലിറങ്ങിയത്.

സ്വന്തം മണ്ണിലെ ആദ്യ അര്‍ധ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ച ജെയ്‌സ്വാള്‍ നൂറിന് മേല്‍ സ്‌ട്രൈക്ക് റേറ്റുമായാണ് ബാറ്റിങ് തുടരുന്നത്. നിലവില്‍ 70 പന്തില്‍ 76 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാകുന്നത്. ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടക്കമാണ് ജെയ്‌സ്വാള്‍ ഷോ ഹെദരാബാദില്‍ അരങ്ങേറിയത്.

43 പന്തില്‍ 14 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലാണ് ജെയ്‌സ്വാളിനൊപ്പം ക്രീസില്‍.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 88 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. 37 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോ, 35 റണ്‍സടിച്ച ബെന്‍ ഡക്കറ്റ്, 29 റണ്‍സ് നേടിയ ജോ റൂട്ട് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും ഇരട്ട വിക്കറ്റുകളുമായും തിളങ്ങി.

Content Highlight: India vs England: Yashasvi Jaiswal’s brilliant batting in 1st innings

We use cookies to give you the best possible experience. Learn more