| Wednesday, 1st August 2018, 10:51 pm

ആദ്യദിനം തന്നെ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; അശ്വിന് നാല് വിക്കറ്റ്

അലി ഹൈദര്‍

ബിര്‍മിങ്ങഹാം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുന്നു. തുടക്കം നന്നായി കളിച്ച ഇംഗ്ലണ്ട് ചായയ്ക്കു പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന നിലയിലായിരുന്നു.

എന്നാല്‍ ജോ റൂട്ടിന്റേയും ജോണീ ബെയര്‍‌സ്റ്റോയുടേയും പ്രകടനം ഒഴിച്ച് നിര്‍ത്തിയാല്‍ സ്വന്തം ഗ്രൗണ്ടില്‍ ഇംഗ്ലീഷ് പടയ്ക്ക് കൂടുതല്‍ ഒന്നും ചെയ്യാനായില്ല. നിലവില്‍ 9  വിക്കറ്റ് നഷ്ടത്തില്‍ 278 എന്ന നിലയിലാണ്.


Read Also : സൗദി വീണ്ടും വനിതാ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു


ജോ റൂട്ട് 156 പന്തില്‍ നിന്നും 80 റണ്‍സും ജോണീ ബയരിസ്‌റ്റോ 88 പന്തില്‍ 70 റണ്‍സും കീട്ടന്‍ ജെന്നിങ്‌സ് 40 റണ്‍സുമെടുത്ത് പുറത്തായി. ഓപ്പണര്‍മാരായ അലസ്റ്റയര്‍ കുക്ക് 28 പന്തില്‍ 13 ഉം ഡേവിഡ് മലന്‍ 14 പന്തില്‍ എട്ടും റണ്‍സെടുത്തു. ഇതിനിടെ റൂട്ടിന് ടെസ്റ്റില്‍ 6,000 റണ്‍സ് പിന്നിടുകയും ചെയ്തു.

ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക് നീങ്ങുമ്പോഴായിരുന്നു കോഹ്‌ലിയുടെ മികച്ച ത്രോ റൂട്ടിനെ റണ്ണൗട്ടാക്കിയത്. ഡബിളിനുവേണ്ടി ഓടിയ റൂട്ട് റണ്‍സ് പൂര്‍ത്തിയാക്കും മുമ്പേ കോഹ്‌ലി വിക്കറ്റ് തെറിപ്പിച്ചു. ബൗളറായ അശ്വിന് നോക്കി നില്‍ക്കേണ്ട കടമയേ ഉണ്ടായിരുന്നുള്ളൂ.

അലസ്റ്റയര്‍ കുക്കിനെ രവിചന്ദ്രന്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍, മുഹമ്മദ് ഷാമി കീറ്റണ്‍ ജെന്നിങ്‌സിന്റേയും മലനെയുടേയും വിക്കറ്റുകള്‍ സ്വന്തമാക്കി. അശ്വിന് 4 ഉം ഷാമി 2 ഉം ഉമേഷ് യാദവും ഇശാന്ത് ശര്‍മയും ഒരു വിക്കറ്റ് വീതവും  നേടി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏഷ്യക്കു പുറത്ത് ഒരേയൊരു ടെസ്റ്റ് പരമ്പരയേ ഇന്ത്യയ്ക്കു നേടാന്‍ സാധിച്ചിട്ടുള്ളു. ആയതിനാല്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.

അഞ്ചു ടെസ്റ്റുകളാണു പരമ്പരയില്‍. എജ്ബാസ്റ്റനില്‍ ഇന്നു തുടങ്ങിയ മല്‍സരം ഇംഗ്ലണ്ടുകാര്‍ക്കും വിശേഷപ്പെട്ടതാണ്. അവരുടെ ആയിരാമത് മല്‍സരമാണിത്.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more