| Monday, 4th March 2024, 1:59 pm

ഒരു നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് ആധിപത്യം തകര്‍ത്തെറിയാന്‍ വേണ്ടത് ഒരു ജയം; 112 വര്‍ഷം ഒറ്റക്ക് കയ്യടക്കിവെച്ചത് ധര്‍മശാലയില്‍ കൈവിടുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനാണ് കളമൊരുങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് 1-3ന് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്.

ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം മത്സരത്തില്‍ വിജയിച്ചാല്‍ 4-1ന് പരമ്പര സ്വന്തമാക്കാനും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഇന്ത്യക്കാകും.

എന്നാല്‍ ഇത് മാത്രമല്ല, ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിക്കും. 112 വര്‍ഷമായി ഒരു ടീമിനും നേടാന്‍ സാധിത്താത്ത ഐതിഹാസിക നേട്ടമായിരിക്കും ഇന്ത്യ സ്വന്തമാക്കുക.

112 വര്‍ഷത്തിനിടെ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെടുകയും ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കുക.

1911-12 സീസണിലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടാണ് ഈ ചരിത്രനേട്ടം ആദ്യം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ പരമ്പരയില്‍ ആതിഥേയര്‍ 146 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കുകയും ശേഷിക്കുന്ന മത്സരങ്ങള്‍ പരാജയപ്പെടുകയുമായിരുന്നു.

ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം 1911-12

ആദ്യ ടെസ്റ്റ് – 15-21 ഡിസംബര്‍ (ടൈംലെസ് ടെസ്റ്റ്) – സിഡ്‌നി

ഓസ്‌ട്രേലിയ – 447 & 308
ഇംഗ്ലണ്ട് – 318 & 291

ഓസ്‌ട്രേലിയക്ക് 146 റണ്‍സ് വിജയം

രണ്ടാം ടെസ്റ്റ് – 1911 ഡിസംബര്‍ 30 – 1912 ജനുവരി 3 (ടൈംലെസ് ടെസ്റ്റ്) – മെല്‍ബണ്‍

ഓസ്‌ട്രേലിയ – 184 & 299
ഇംഗ്ലണ്ട് – 265 & 219/2

ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

മൂന്നാം ടെസ്റ്റ് – 12-17 ജനുവരി (ടൈംലെസ് ടെസ്റ്റ്) – അഡ്‌ലെയ്ഡ് ഓവല്‍

ഓസ്‌ട്രേലിയ – 133 & 476
ഇംഗ്ലണ്ട് – 501 & 112/3

ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം

നാലാം ടെസ്റ്റ് – 9-13 ഫെബ്രുവരി (ടൈംലെസ് ടെസ്റ്റ്) – മെല്‍ബണ്‍

ഓസ്‌ട്രേലിയ – 191 & 173
ഇംഗ്ലണ്ട് – 589

ഇംഗ്ലണ്ടിന് ഇന്നിങ്‌സിനും 225 റണ്‍സിന്റെയും വിജയം

അഞ്ചാം ടെസ്റ്റ് – ഫെബ്രുവരി 23-മാര്‍ച്ച് 1 (ടൈംലെസ് ടെസ്റ്റ്) – സിഡ്‌നി

ഇംഗ്ലണ്ട് – 324 & 214
ഓസ്‌ട്രേലിയ – 176 & 292

ഇംഗ്ലണ്ടിന് 70 റണ്‍സ് ജയം.

മാര്‍ച്ച് ഏഴിനാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ്. അഞ്ചാം ടെസ്റ്റിലും വിജയിച്ച് ഇന്ത്യ ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Content Highlight: India vs England, team India to achieve a unique feat

We use cookies to give you the best possible experience. Learn more