| Thursday, 25th January 2024, 8:34 am

ഇന്ത്യ vs ഇംഗ്ലണ്ട്: സ്‌റ്റോക്‌സിന്റെ അന്തകന്‍; ചരിത്രത്തിലെ ഏക ബൗളര്‍; വീണ്ടും ഇംഗ്ലണ്ട് നായകന്റെ രക്തം ചിന്തുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന് കളമൊരുങ്ങുകയാണ്. ജനുവരി 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് – ആര്‍. അശ്വിന്‍ സ്റ്റാര്‍ ബാറ്റിലിനാണ് ആരാധകര്‍ കാത്തിരിക്കുന്നന്നത്. ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിനോളം തന്നെ ആവേശം സ്‌റ്റോക്‌സ് – അശ്വിന്‍ പോരാട്ടത്തിനുണ്ട് എന്നത് തന്നെയാണ് ഇതിന് കാരണം.

ഈ പോരാട്ടത്തില്‍ മേല്‍ക്കൈ അശ്വിനാണ്. തന്റെ റെഡ് ബോള്‍ കരിയിറില്‍ അശ്വിന്റെ 570 പന്തുകളാണ് സ്റ്റോക്‌സ് നേരിട്ടത്. നേടിയതാകട്ടെ 214 റണ്‍സും. 19.5 എന്ന ശരാശരിയാണ് അശ്വിനെതിരെ സ്റ്റോക്‌സിനുള്ളത്.

11 തവണയാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിന്‍ സ്‌റ്റോക്‌സിനെ പുറത്താക്കിയിരിക്കുന്നത്. ടെസ്റ്റില്‍ സ്റ്റോക്‌സ് എറ്റവുമധികം പുറത്തായതും അശ്വിനോട് തോറ്റാണ്. ടെസ്റ്റില്‍ സ്‌റ്റോക്‌സിനെ പത്തിലധികം തവണ പുറത്താക്കിയ ഏക ബൗളറും അശ്വിന്‍ തന്നെ. ഇക്കാരണങ്ങളാലാണ് ഈ സ്റ്റാര്‍ ബാറ്റിലിനും ആരാധകരേറുന്നത്.

റെഡ് ബോള്‍ ഫോര്‍മാറ്റ് കണ്ട് ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളും ബൗളര്‍മാരില്‍ ഒരാളുമുള്ള ഹെഡ് ഓണ്‍ ക്ലാഷിനാണ് ഹൈദരാബാദ് വേദിയാകുന്നത്.

അതേസമയം, ഇന്ത്യക്കെതിരെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ സ്പിന്‍ തന്ത്രങ്ങള്‍ തിരിച്ചുപയറ്റാന്‍ മൂന്ന് പ്യുവര്‍ സ്പിന്നര്‍മാരെയാണ് ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലെഗ് ബ്രേക്ക് ഗൂഗ്ലിയുമായി രെഹന്‍ അഹമ്മദ് ഇറങ്ങുമ്പോള്‍ ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളര്‍മാരായി ജാക്ക് ലീച്ചും അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലിയും ടീമിന്റെ ഭാഗമാകും. ജോ റൂട്ട് അടക്കമുള്ള പാര്‍ട് ടൈം ബൗളര്‍മാരും ടീമിനെ തുണച്ചേക്കും.

ഇതിഹാസ താരം ജിമ്മി ആന്‍ഡേഴ്‌സണ് ഇടമില്ലാത്ത ആദ്യ ഇലവനിലെ ഏക പേസര്‍ മാര്‍ക് വുഡാണ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, രെഹന്‍ അഹമ്മദ്,ടോം ഹാര്‍ട്‌ലി. ജാക്ക് ലീച്ച്, മാര്‍ക് വുഡ്.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, രജത് പാടിദാര്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

Content Highlight: India vs England: Star Battle between Ben Stokes and R Ashwin

We use cookies to give you the best possible experience. Learn more