| Monday, 29th January 2024, 5:18 pm

ഇന്ത്യ vs ഇംഗ്ലണ്ട്: ഇത് ആരാധകര്‍ ആഗ്രഹിച്ചത്; അവഗണനകള്‍ക്കും തഴയലുകള്‍ക്കും ശേഷം അവന്‍ ആദ്യമായി ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ സ്‌ക്വാഡില്‍ ഇടം നേടി സൂപ്പര്‍ താരം സര്‍ഫറാസ് ഖാന്‍. സര്‍ഫറാസിന് പുറമ സൗരഭ് കുമാറിനും വാഷിങ്ടണ്‍ സുന്ദറിനും സ്‌ക്വാഡില്‍ ഇടം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.എല്‍. രാഹുലിനും രവീന്ദ്ര ജഡേജക്കും പകരമായാണ് ഇവര്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്.

ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സര്‍ഫറാസിന് ഇന്ത്യന്‍ ജേഴ്‌സി പലപ്പോഴും അന്യമായിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് ശേഷം ഏറ്റവും ശരാശരിയുള്ള താരമായിട്ടും രഞ്ജിയില്‍ പല സീസണിലും ബൗളര്‍മാരുടെ പേടിസ്വപ്‌നമായിട്ടും താരത്തിനെ സെലക്ടര്‍മാര്‍ കണ്ടില്ല എന്ന നടിക്കുകയായിരുന്നു.

ഇപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടിക്കൊണ്ടാണ് സര്‍ഫറാസ് തിളങ്ങുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45 മത്സരത്തില്‍ നിന്നും 66 ഇന്നിങ്‌സുകളിലാണ് സര്‍ഫറാസ് കളത്തിലിറങ്ങിയത്. 69.85 എന്ന മികച്ച ശരാശരിയില്‍ 3912 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 14 സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ച സര്‍ഫറാസിന്റെ ഉയര്‍ന്ന സ്‌കോര്‍ 2019/20 സീസണില്‍ ഉത്തര്‍പ്രദേശിനെതിരെ പുറത്താകാതെ നേടിയ 301 റണ്‍സാണ്.

അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

സ്‌കോര്‍

ഇംഗ്ലണ്ട് : 246 & 420

ഇന്ത്യ (T: 231) : 436 & 202

രണ്ടാം ഇന്നിങ്സില്‍ സൂപ്പര്‍ താരം ഒല്ലി പോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 278 പന്തില്‍ 196 റണ്‍സാണ് ഒല്ലി പോപ് കുറിച്ചത്.

തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ച്വറിയും രണ്ടാമത് ഉയര്‍ന്ന സ്‌കോറുമാണ് പോപ് ഇന്ത്യക്കെതിരെ ഹൈദരാബാദില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

231 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലിയുടെ മുമ്പില്‍ തകര്‍ന്നടിയുകയായിരുന്നു.. ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ട്‌ലി രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നേടിയാണ് വരവറിയിച്ചത്.

രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, അക്‌സര്‍ പട്ടേല്‍, എസ്. ഭരത്, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റാണ് ഇടംകയ്യന്‍ ഓര്‍ത്തഡോക്സ് സ്പിന്നര്‍ സ്വന്തമാക്കിയത്. അഞ്ച് മെയ്ഡനടക്കം 26.5 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് ഹാര്‍ട്‌ലി ഏഴ് വിക്കറ്റ് വീഴ്ത്തിയത്.

ജോ റൂട്ടും ജാക്ക് ലീച്ചും ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി മത്സരം തങ്ങളുടേതാക്കി.

ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വിശാഖപട്ടണമാണ് വേദി.

Content highlight: India vs England: Selection Committee have added Sarfaraz Khan, Sourabh Kumar and Washington Sundar to India’s squad.

We use cookies to give you the best possible experience. Learn more