| Wednesday, 6th March 2024, 4:55 pm

റിഷബ് പന്ത് എന്നൊരുത്തന്‍ ടീമിലുണ്ടായിരുന്നു, അവന്റെ കളിയൊന്നും ഇവന്‍ കണ്ടുകാണില്ല; ഇംഗ്ലണ്ട് താരത്തിന് രോഹിത്തിന്റെ തകര്‍പ്പന്‍ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വാക്കുകളണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിനുള്ള മറുപടിയെന്നോണം രോഹിത് പറഞ്ഞ വാക്കുകളാണ് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തത്.

യശസ്വി ജെയ്‌സ്വാളിന്റെ അറ്റാക്കിങ് ക്രിക്കറ്റ് ശൈലിക്ക് പിന്നാലെ ഡക്കറ്റ് നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ അപ്രോച്ച് എതിരാളികളെ വ്യത്യസ്ത രീതിയില്‍ കളിക്കാന്‍ സമ്മര്‍ദത്തിലാക്കിയെന്നായിരുന്നു ഡക്കറ്റ് പറഞ്ഞത്.

ഡക്കറ്റിന്റെ ഈ പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ അടക്കമുള്ളര്‍ ഡക്കറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

‘യശസ്വി ജെയ്‌സ്വാള്‍ ബെന്‍ ഡക്കറ്റില്‍ നിന്നും പഠിക്കുന്നുവെന്നോ? ഞങ്ങളുടെ ടീമില്‍ റിഷബ് പന്ത് എന്നൊരാള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ റിഷബ് പന്ത് കളിക്കുന്നത് ബെന്‍ ഡക്കറ്റ് ഇതുവരെ കണ്ടുകാണില്ല,’ രോഹിത് പറഞ്ഞു.

ഇതിന് പുറമെ ബാസ്‌ബോള്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

‘ബാസ്‌ബോള്‍ എന്താണെന്ന് എനിക്ക് അറിയില്ല. ഞാനിതുവരെ അത്തരമൊരു ബാറ്റിങ് കണ്ടിട്ടുമില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയപ്പോഴുണ്ടായിരുന്നതിനേക്കാള്‍ മികച്ച ക്രിക്കറ്റാണ് ഇപ്പോള്‍ കളിക്കുന്നത്. പക്ഷേ എനിക്കിപ്പോഴും ബാസ്‌ബോള്‍ എന്താണെന്ന് അറിയില്ല,’ രോഹിത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇംഗ്ലണ്ട് അവസാന ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒല്ലി റോബിന്‍സണെ പുറത്തിരുത്തിയാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റിന് ധര്‍മശാലിയിലേക്കിറങ്ങുന്നത്. റോബിന്‍സണ് പകരം മാര്‍ക് വുഡാണ് ടീമില്‍ ഇടം നേടിയത്.

കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്‌റ്റോയും ടീമിന്റെ ഭാഗമാണ്.

ഇതിനോടകം തന്നെ പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് മുഖം രക്ഷിക്കാനെങ്കിലും അവസാന ടെസ്റ്റ് വിജയിക്കേണ്ടത് അനിവാര്യമാണ്.

അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്ണ്‍, ഷോയ്ബ് ബഷീര്‍.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Content highlight: India vs England: Rohit Sharma’s reply to Ben Duckett

We use cookies to give you the best possible experience. Learn more