| Wednesday, 28th February 2024, 12:49 pm

ഇംഗ്ലണ്ടിന്റെ പെട്ടിയിലെ അവസാനത്തെ ആണിയടിക്കാന്‍ അവന്‍ തിരിച്ചെത്തുന്നു; ധര്‍മശാലയില്‍ തീ പാറിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.

ടീമിന്റെ വര്‍ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നാലാം മത്സരത്തില്‍ ബുംറക്ക് ടീം വിശ്രമം അനുവദിച്ചത്. ബുംറ മടങ്ങിയെത്തുകയാണെങ്കില്‍ മറ്റേതെങ്കിലും സൂപ്പര്‍ താരത്തിന് അഞ്ചാം ടെസ്റ്റില്‍ വിശ്രമം നല്‍കാനും സാധ്യതയുണ്ട്.

ധര്‍മശാലയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതിനാല്‍ ഇന്ത്യ ഏതെങ്കിലും സ്പിന്നറിന് വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ തീരുമാനത്തിലേക്ക് ഇന്ത്യയെത്തുകയാണെങ്കില്‍ അശ്വിനോ ജഡേജയോ കുല്‍ദീപ് യാദവോ പുറത്തിരിക്കേണ്ടി വന്നേക്കും.

ബുംറ അഞ്ചാം മത്സരത്തില്‍ ടീമിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കെ.എല്‍. രാഹുലിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. രാഹുല്‍ ഇനിയും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഇക്കാരണത്താല്‍ ഇന്ത്യ വീണ്ടും രജത് പാടിദാറിന് അഞ്ചാം ടെസ്റ്റിലും അവസരം നല്‍കിയേക്കും.

അരങ്ങേറ്റ പരമ്പരയില്‍ ഒരിക്കല്‍പ്പോലും തിളങ്ങാന്‍ സാധിക്കാതെ പോയ നാലാം നമ്പര്‍ ബാറ്റര്‍ക്ക് എന്തെങ്കിലും തെളിയിക്കാനുള്ള അവസാന അവസരമാകും ധര്‍മശാലയിലേത്.

അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 3-1ന് ലീഡ് ചെയ്യുകയും അഞ്ചാം ടെസ്റ്റിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.

റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. ധ്രുവ് ജുറെലിന്റെ അസാമാന്യ ചെറുത്തുനില്‍പാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

സ്‌കോര്‍

ഇംഗ്ലണ്ട് – 353 & 145

ഇന്ത്യ – (T: 192) 307 & 192/5

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ആദ്യ ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ ഷോയ്ബ് ബഷീറും ടോം ഹാര്‍ട്‌ലിയും ചേര്‍ന്ന് പരീക്ഷിച്ചപ്പോള്‍ ഇന്ത്യ 46 റണ്‍സകലെ കാലിടറി വീണു.

ആദ്യ ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ അശ്വിനും കുല്‍ദീപ് യാദവും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. അശ്വിന്‍ അഞ്ച് വിക്കറ്റുമായി നേടി തിളങ്ങിയപ്പോള്‍ ഫോര്‍ഫറുമായാണ് കുല്‍ദീപ് തന്റെ റോള്‍ ഗംഭീരമാക്കിയത്.

ഒടുവില്‍ ഇംഗ്ലണ്ട് 145ന് ഓള്‍ ഔട്ടാവുകയും ഇന്ത്യക്ക് മുമ്പില്‍ 192 റണ്‍സിന്റെ ലക്ഷ്യം വെക്കുകയുമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും അര്‍ധ സെഞ്ച്വറിക്കൊപ്പം ധ്രുവ് ജുറെലിന്റെ ചെറുത്തുനില്‍പുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

മാര്‍ച്ച് ഏഴിനാണ് പരമ്പരയിലെ അഞ്ചാം മത്സരം. ധര്‍മശാലയാണ് വേദി.

Content highlight: India vs England; Reports says Jasprit Bumrah will join with the team in 5th test

We use cookies to give you the best possible experience. Learn more