ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ നാല് താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിരാടിന് പകരമെത്തിയ രജത് പാടിദാറിന് ടെസ്റ്റ് ക്യാപ് ലഭിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലും സൂപ്പര്‍ താരം സര്‍ഫറാസ് ഖാനും അരങ്ങേറ്റം കുറിച്ചു.
റാഞ്ചിയില്‍ നടന്ന പരമ്പരയിലെ നാലാം ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ആകാശ് ദീപും അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആകാശ് ദീപ് കയ്യടി നേടിയത്.
അഞ്ചാം മത്സരത്തില്‍ ഇന്ത്യ മറ്റൊരു അരങ്ങേറ്റക്കാരനായ ദേവ്ദത്ത് പടിക്കലിന് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പടിക്കല്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കായി കളത്തിലിറങ്ങുമെന്ന് നിരവധി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
എന്നാല്‍ അഞ്ചാം ടെസ്റ്റില്‍ പടിക്കലിന് അരങ്ങേറ്റത്തിന് സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പകരം ഇന്ത്യ രജത് പാടിദാറിന് വീണ്ടും അവസരം നല്‍കിയേക്കും. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്,
‘പാടിദാര്‍ ഒരു ടാലന്റഡ് പ്ലെയര്‍ ആണെന്ന് തോന്നുന്നതിനാല്‍ അവന് വീണ്ടും ഒരു അവസരം നല്‍കാന്‍ ടീം ആഗ്രഹിക്കുന്നു. ഇതിനോടകം പരമ്പര നേടിയതിനാല്‍ ദേവ്ദത്ത് പടിക്കലിന്റെ അരങ്ങേറ്റത്തിന് പകരം പാടിദാറിനെ ഒരിക്കല്‍ക്കൂടി പരീക്ഷിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിരാടിന് പകരക്കാരനായി സ്‌ക്വാഡില്‍ ഇടം നേടിയ പാടിദാര്‍ രണ്ടാം ടെസ്റ്റിന് മുമ്പ് കെ.എല്‍. രാഹുലിന് പരിക്കേറ്റതോടെയാണ് പ്ലെയിങ് ഇലവന്റെ ഭാഗമായത്. എന്നാല്‍ കളത്തിലിറങ്ങിയ മൂന്ന് മത്സരത്തിലും പാടിദാര്‍ നിരാശപ്പെടുത്തിയിരുന്നു.
ഈ പരമ്പരയില്‍ ബാറ്റ് ചെയ്ത ആറ് ഇന്നിങ്സില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് 30+ സ്‌കോര്‍ കണ്ടത്തൊന്‍ സാധിച്ചത്. ഇരട്ടയക്കം കണ്ടത് വെറും രണ്ട് മാച്ചിലും
10.50 ശരാശയില്‍ 63 റണ്‍സാണ് താരം ആകെ നേടിയത്.
ആദ്യ ടെസ്റ്റ് – DNB
രണ്ടാം ടെസ്റ്റ് – 32 (72), 9 (19)
മൂന്നാം ടെസ്റ്റ് – 5 (15), 0 (10),
നാലാം ടെസ്റ്റ് – 17 (42), 0 (6) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ താരത്തിന്റെ പ്രകടനം.
അതേസമയം, അഞ്ചാം ടെസ്റ്റിനുള്ള പുതുക്കിയ സ്‌ക്വാഡ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ റിലീസ് ചെയ്താണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.