ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ യുവതാരം ധ്രുവ് ജുറെല്‍ അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരത്തിന് പകരക്കാരനായി ജുറെലിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഭ്യന്തര തലത്തില്‍ ഉത്തര്‍പ്രദേശിന്റെ താരമായ ജുറെല്‍ ഐ.പി.എല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ്.
ഇന്ത്യക്കായി കളിച്ച ഏഴ് ടെസ്റ്റുകളിലും കെ.എസ്. ഭരത് മികച്ച പ്രകടനം നടത്താത്തതില്‍ അപെക്‌സ് ബോര്‍ഡിന് അതൃപ്തിയുണ്ടെന്നും ഇക്കാരണത്താല്‍ മൂന്നാം ടെസ്റ്റില്‍ ഭരത്തിന് പകരം ജുറെലിനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘കെ.എസ്. ഭരത്തിന്റെ ബാറ്റിങ് ശരാശരിക്കും താഴെയാണ്. അതേസമയം, അവന്റെ വിക്കറ്റ് കീപ്പിങ്ങും അത്രകണ്ട് മികച്ചതല്ല. ലഭിച്ച അവസരങ്ങള്‍ അവന്‍ കൃത്യമായി ഉപയോഗിക്കുന്നില്ല.
മറുഭാഗത്ത് ജുറെല്‍ വളരെ ടാലന്റഡായ കളിക്കാരനാണ്. അവന്റെ കളിക്കളത്തിലെ ആറ്റിറ്റ്യൂഡും മികച്ചതാണ്. വളരെ ശോഭനമായ ഭാവിയുള്ള താരമാണ് ധ്രുവ് ജുറെല്‍.
അവന്‍ ഉത്തര്‍പ്രദേശിനും ഇന്ത്യ എക്ക് വേണ്ടിയും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. രാജ്‌കോട്ടില്‍ ധ്രുവ് ജുറെല്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല,’ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര തലത്തില്‍ 15 ഫസ്റ്റ് ക്ലാസ് മത്സരത്തിലെ 19 ഇന്നിങ്‌സുകളില്‍ നിന്നുമായി 790 റണ്‍സാണ് ജുറെല്‍ സ്വന്തമാക്കിയത്. 46.47 എന്ന ശരാശരിയിലും 56.63 എന്ന സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന ജുറെലിന്റെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ ഉയര്‍ന്ന സ്‌കോര്‍ 290 ആണ്.
വിക്കറ്റിന് പുറകിലും മോശമല്ലാത്ത പ്രകടനമാണ് ജുറെല്‍ നടത്തുന്നത്. 34 ക്യാച്ചുകളും രണ്ട് സ്റ്റംപിങ്ങുമാണ് താരം നടത്തിയിട്ടുള്ളത്.
അതേസമയം, ഇന്ത്യക്കായി കളിച്ച ഏഴ് ടെസ്റ്റിലെ 12 ഇന്നിങ്‌സില്‍ നിന്നും 20.09 ശരാശരിയില്‍ 211 റണ്‍സ് മാത്രമാണ് ഭരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. 12 ഇന്നിങ്‌സ് ബാറ്റ് ചെയ്തിട്ടും ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ഭരത്തിന് സാധിച്ചിട്ടില്ല. 44 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഫെബ്രുവരി 15നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.
അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍*, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ*, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
(* മെഡിക്കല്‍ ടീമിന്റെ നിര്‍ദേശ പ്രകാരം മാത്രമായിരിക്കും രാഹുലിനെയും ജഡേജയെയും കളിപ്പിക്കുന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കുക)
Content Highlight: India vs England: Reports says Dhruv Jurel likely to replace KS Bharat in 3rd test