| Saturday, 2nd March 2024, 3:50 pm

വമ്പന്‍ റെക്കോഡിന് തൊട്ടരികെ; സ്വപ്‌ന നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ ജഡ്ഡു; ട്രിപ്പിളിന് വേണ്ടത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് കളമൊരുങ്ങുകയാണ്. മാര്‍ച്ച് ഏഴിന് നടക്കുന്ന മത്സരത്തിന് ധര്‍മശാലയാണ് വേദിയാകുന്നത്. പരമ്പരയിലെ നാല് മത്സരങ്ങള്‍ ഇതിനോടകം തന്നെ അവസാനിച്ചപ്പോള്‍ ഇന്ത്യ 3-1ന് ലീഡ് ചെയ്യുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് കാത്തിരിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റിലെ 300 വിക്കറ്റ് എന്ന നാഴികകല്ലാണ് ജഡേജക്ക് മുമ്പിലുള്ളത്.

നിലവില്‍ 71 ടെസ്റ്റില്‍ നിന്നും 292 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. എട്ട് വിക്കറ്റ് കൂടി നേടിയാല്‍ 300 വിക്കറ്റ് നേട്ടത്തിന് പുറമെ പല റെക്കോഡുകളും ജഡേജയുടെ പേരില്‍ കുറിക്കപ്പെടും.

അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ഇടംകയ്യന്‍ സ്പിന്നര്‍ എന്ന നേട്ടത്തിലേക്കാണ് ജഡേജ ചെന്നെത്തുക. അന്താരാഷ്ട്ര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് മാത്രം താരം എന്ന നേട്ടവും ജഡേജക്ക് മുമ്പിലുണ്ട്.

ലങ്കന്‍ ഇതിഹാസം രംഗന ഹെറാത്തും ന്യൂസിലാന്‍ഡ് സ്റ്റാര്‍ സ്പിന്നര്‍ ഡാനിയല്‍ വെറ്റോറിയുമാണ് 300 ടെസ്റ്റ് വിക്കറ്റ് എന്ന ഐതിഹാസിക നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍.

ഈ നേട്ടത്തിലെത്തുന്നതിന് മുമ്പ് തന്നെ തന്നെ മറ്റൊരു നേട്ടവും ജഡേജക്ക് സ്വന്തമാക്കാം. അതിനാവശ്യം ആറ് വിക്കറ്റും.

ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത് ഇടംകയ്യന്‍ സ്പിന്നര്‍ എന്ന നേട്ടമാണ് ജഡേജക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഇംഗ്ലണ്ട് താരം ഡെറക് അണ്ടര്‍വുഡിനെ മറികടന്നാണ് ജഡേജക്ക് ഈ നേട്ടത്തിലെത്താന്‍ സാധിക്കുക.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

രംഗന ഹെറാത്ത് – ശ്രീലങ്ക – 433

ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 362

ഡെറക് അണ്ടര്‍വുഡ് – ഇംഗ്ലണ്ട് – 297

രവീന്ദ്ര ജഡേജ – ഇന്ത്യ – 292

ബിഷന്‍ സിങ് ബേദി – ഇന്ത്യ – 266

പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുക്കുന്നത്. മൂന്ന് മത്സരത്തില്‍ നിന്നു ഒരു ഫൈഫറടക്കം 17 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്. അവസാന മത്സരത്തിലും ഇതേ പ്രകടനം പുറത്തെടുത്താല്‍ ഈ മൂന്ന് റെക്കോഡും തന്റെ പേരിലാക്കാനും ധര്‍മശാലയില്‍ പുതിയ ചരിത്രം കുറിക്കാനും ജഡ്ഡുവിനാകും.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Content highlight: India vs England: Ravindra Jadeja on the verge of achieving a great record

We use cookies to give you the best possible experience. Learn more