| Tuesday, 13th February 2024, 3:11 pm

വേഗതയില്‍ രണ്ടാമനാകാനൊരുങ്ങി അശ്വിന്റെ അശ്വമേധം; പിറക്കാന്‍ പോകുന്നത് ചരിത്രവും ട്രിപ്പിള്‍ റെക്കോഡും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരുടീമുകളും 1-1 എന്ന നിലയില്‍ തുല്യത പാലിക്കുകയാണ്.

മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനെ മൂന്ന് ഐതിഹാസിക നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും ഒറ്റ വിക്കറ്റും.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 500 വിക്കറ്റ് എന്ന നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്ന സുപ്രധാന നേട്ടം. ഇതിനോടകം 97 മത്സരത്തില്‍ നിന്നും 499 വിക്കറ്റുമായാണ് അശ്വിന്‍ ഇന്ത്യയുടെ നെടുംതൂണാകുന്നത്.

മൂന്നാം ടെസ്റ്റില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്കാണ് അശ്വിനെത്തുക. ഇതിഹാസ താരം അനില്‍ കുംബ്ലെ മാത്രമാണ് ഇതിന് മുമ്പ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 500 വിക്കറ്റ് വീഴ്ത്തിയ താരം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വേഗത്തില്‍ 500 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് താരം എന്ന നേട്ടവും അശ്വിന്റെ കൈയകലത്തുണ്ട്. 98ാം മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കിയാല്‍ അനില്‍ കുംബ്ലെയെ തന്നെ മറികടന്നുകൊണ്ടായിരിക്കും അശ്വിന്‍ ഈ നേട്ടവും സ്വന്തമാക്കുക.

12 മത്സരങ്ങള്‍ക്ക് മുമ്പ് 500 വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കില്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരം എന്ന നേട്ടം അശ്വിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു. നിലവില്‍ വെറും 87 മത്സരത്തില്‍ നിന്നും 500 വിക്കറ്റ് നേടിയ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ ഒന്നാമന്‍.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വേഗത്തില്‍ 500 വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – 500ാം വിക്കറ്റ് നേടിയ മത്സരം – വര്‍ഷം എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – ഓസ്‌ട്രേലിയ – 87 – മാര്‍ച്ച് 16 2004

അനില്‍ കുംബ്ലെ – ഇന്ത്യ – ഇംഗ്ലണ്ട് – 105 – മാര്‍ച്ച് 9, 2006

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – ശ്രീലങ്ക – 108 – മാര്‍ച്ച് 8, 2004

ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 110 – ജൂലൈ 21, 2005

നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ – 123 – ഡിസംബര്‍ 14, 2023

കോട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 129 – മാര്‍ച്ച് 21, 2001

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 129 – സെപ്റ്റംബര്‍ 7, 2017

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 140 – ജൂലൈ 24, 2020

500 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ഒമ്പതാം താരമാകാനാണ് അശ്വിന്‍ ഒരുങ്ങുന്നത്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അശ്വിന്‍ വിക്കറ്റ് നേടി ഈ റെക്കോഡ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ*, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

(* മെഡിക്കല്‍ ടീമിന്റെ നിര്‍ദേശ പ്രകാരം മാത്രമായിരിക്കും ജഡേജയെ കളിപ്പിക്കുന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കുക)

Content Highlight: India vs England: R Ashwin need just one wicket to complete 500 test wickets

Latest Stories

We use cookies to give you the best possible experience. Learn more