| Thursday, 25th January 2024, 12:50 pm

ഇന്ത്യ vs ഇംഗ്ലണ്ട്: ചരിത്രം, ആദ്യ ഇന്ത്യന്‍; അങ്ങനെ അശ്വിന് മുമ്പില്‍ ആ റെക്കോഡും കീഴടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാവുകയാണ്. മത്സരത്തില്‍ ടോസ് നേടി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണര്‍ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പേസര്‍മാരായ ബുംറയെയും സിറാജിനെയും ആക്രമിച്ചാണ് ത്രീ ലയണ്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്.

എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറഞ്ഞു. ജഡേജയും അശ്വിനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ തളച്ചു.

ടീം സ്‌കോര്‍ 55ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. അധികം വൈകാതെ സഹ ഓപ്പണര്‍ സാക്ക് ക്രോളിയെയും അശ്വിന്‍ മടക്കി.

ഈ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 150 വിക്കറ്റ് എന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് അശ്വിന്‍.

തന്റെ 31ാം മത്സരത്തിലാണ് അശ്വിന്‍ ഈ നേട്ട സ്വന്തമാക്കുന്നത്. 19.53 എന്ന ശരാശരിയിലും 2.54 എന്ന മികച്ച എക്കോണമിയിലുമാണ് അശ്വിന്‍ പന്തെറിയുന്നത്. 71 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയതാണ് ഇന്നിങ്‌സിലെ മികച്ച പ്രകടനം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – രാജ്യം – മത്സരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 40* – 73* – 169

നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 41* – 73* – 169

ആര്‍. അശ്വിന്‍ – ഇന്ത്യ – 31* – 58* – 150

മിച്ചല്‍ സ്റ്റാര്‍ക് – 36* – 68* – 140

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 33 – 63 – 134

അതേസമയം, നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 125 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 57 പന്തില്‍ 29 റണ്‍സുമായി ജോ റൂട്ടും ആറ് പന്തില്‍ ഒരു റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.

ക്രോളിക്കും ഡക്കറ്റിനും പുറമെ ഒലി പോപ്പ് (11 പന്തില്‍ 1) ജോണി ബെയര്‍സ്‌റ്റോ (58 പന്തില്‍ 37) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പോപ്പിനെ ജഡേജ പുറത്താക്കിയപ്പോള്‍ അക്‌സര്‍ പട്ടേലാണ് ബെയര്‍‌സ്റ്റോയുടെ വിക്കറ്റ് നേടിയത്.

Content Highlight: India vs England: R Ashwin completes 150 WTC wickets

We use cookies to give you the best possible experience. Learn more