| Sunday, 17th July 2022, 10:47 am

മൂന്നാം ഏകദിനം, ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍; പുതുമുഖങ്ങള്‍ക്ക് സാധ്യത, സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിനം ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത. ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കുമെന്നിരിക്കെയാണ് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ ഒരുങ്ങുന്നത്.

ആദ്യ മത്സരത്തിലെ കൂറ്റന്‍ വിജയവും രണ്ടാം മത്സരത്തിലെ വമ്പന്‍ പരാജയവും ഇന്ത്യന്‍ ടീമിനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുകയാണ്. മൂന്നാം ഏകദിനത്തില്‍ ആരെയൊക്കെ കളിപ്പിക്കണമെന്നാണ് ടീം പ്രധാനമായും ചിന്തിക്കുന്നത്.

വിരാട് കോഹ്‌ലി ടീമിലുണ്ടാവാനാണ് സാധ്യത. മൂന്നാമനായി തന്നെയാവും കോഹ്‌ലി കളത്തിലിറങ്ങുക.

രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖര്‍ ധവാനാവും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഇന്‍ ഫോം ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയല്ലാതെ നാലാം നമ്പറില്‍ മറ്റാരെയും പരിഗണിക്കാന്‍ സാധ്യത കാണുന്നില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് അഞ്ചാമനായും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ആറാമനായും ഇറങ്ങും.

ആദ്യ ഏകദിനത്തില്‍ ബാറ്റിങ്ങിനോ ബൗളിങ്ങിനോ അവസരം ലഭിക്കാതിരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ രണ്ടാം മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലും താരത്തിന് മികച്ച പ്രകടനം നടത്താനായില്ല.

ഇക്കാരണം കൊണ്ടുതന്നെ ജഡ്ഡു മൂന്നാം ഏകദിനത്തില്‍ ടീമിനൊപ്പം ഉണ്ടാവാന്‍ തന്നെയാണ് സാധ്യതയില്ല. അക്‌സര്‍ പട്ടേലാവും പകരക്കാരന്‍.

പേസര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും തുടരും. രണ്ടാം ഏകദിനത്തില്‍ വിക്കറ്റുകള്‍ വാരിക്കൂട്ടിയ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലും ടീമിനൊപ്പം ഉണ്ടാകും.

യുവതാരം അര്‍ഷ്ദീപ് സിങ്ങായിരിക്കും ടീമിലെ പതിനൊന്നാമന്‍. രണ്ടാം ഏകദിനത്തില്‍ പരാജയപ്പെട്ട പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരക്കാരനായിട്ടാവും അര്‍ഷ്ദീപ് ടീമിലെത്തുന്നത്.

ഇന്ത്യ മൂന്നാം ഏകദിനം, സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്‌

Content Highlight: India vs England, Predicted Eleven

We use cookies to give you the best possible experience. Learn more