| Monday, 29th January 2024, 8:13 pm

'അവന്‍ എന്റെ റെക്കോഡ് തകര്‍ക്കും, രോഹിത്തേ തോല്‍പിക്കെടാ'; ഇംഗ്ലണ്ടിനെ തോല്‍പിക്കാന്‍ ഇന്ത്യയോടാവശ്യപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബെന്‍ സ്‌റ്റോക്‌സിന് കീഴില്‍ ഇംഗ്ലണ്ട് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബ്രണ്ടന്‍ മക്കെല്ലം – ബെന്‍ സ്റ്റോക്‌സ് കോംബോയില്‍ ഇംഗ്ലണ്ട് റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ പരമ്പരാഗത ശൈലിയെ തന്നെ തച്ചുടച്ച് മുമ്പോട്ട് കുതിക്കുകയാണ്. ഇന്ത്യയാണ് ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടിന് മുമ്പില്‍ അവസാനമായി തോല്‍വിയുടെ കയ്പ്പുനീര്‍ കുടിച്ചത്.

ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ലീഡ് നേടിയതിന് പുറമെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു റെക്കോഡും ബെന്‍ സ്‌റ്റോക്‌സ് സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനെ ഏറ്റവുമധികം ടെസ്റ്റ് മാച്ചില്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചാണ് സ്റ്റോക്‌സ് റെക്കോഡിട്ടത്. ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം 19 മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിച്ച സ്‌റ്റോക്‌സ് 14 മത്സരത്തിലും ത്രീ ലയണ്‍സിനെ വിജയത്തിലേക്ക് നയിച്ചു.

ഇതോടെ ഇംഗ്ലണ്ടിനെ 13 മത്സരത്തില്‍ വിജയിപ്പിച്ച മൈക്ക് ആതര്‍ടണെ മറികടക്കാനും സ്റ്റോക്‌സിനായി. 17 മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയിപ്പിച്ച നാസര്‍ ഹുസൈന്‍ മാത്രമാണ് സ്റ്റോക്‌സിന് മുമ്പിലുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ സ്റ്റോക്‌സ് ആതര്‍ടണെ മറികടന്നതിന് പിന്നാലെ നാസര്‍ ഹുസൈന്‍ പങ്കുവെച്ച രസകരമായ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. മൈക് ആതര്‍ടണെ സ്‌റ്റോക്‌സ് മറികടന്നു എന്ന റിച്ചാര്‍ഡ് ഗിബ്‌സണിന്റെ ട്വീറ്റ് ഹുസൈന്‍ റീ ട്വീറ്റ് ചെയ്യുകയായിരുന്നു.

ഞെട്ടിയ ഇമോജിക്കൊപ്പം കം ഓണ്‍ ഇന്ത്യ എന്നാണ് അദ്ദേഹം കുറിച്ചത്.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ രസകരമായ കമന്റുകളും എത്തുന്നുണ്ട്. ബെന്‍ സ്റ്റോക്‌സ് ഉറപ്പായും ഹുസൈനെ മറികടക്കുമെന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ പറയുന്നത്. പൊട്ടിച്ചിരിക്കുന്ന ഇമോജികള്‍ പങ്കുവെക്കുന്നവരും ധാരാളമാണ്.

എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ തന്നെ ജയിക്കുമെന്നും തത്കാലത്തേക്ക് നിങ്ങള്‍ പേടിക്കേണ്ടതില്ല എന്ന് പറയുന്ന ഇന്ത്യന്‍ ആരാധകരും കുറവല്ല.

ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡ് വഴങ്ങേണ്ടി വന്നതിന് ശേഷമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചത്. സൂപ്പര്‍ താരം ഒല്ലി പോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 278 പന്തില്‍ 196 റണ്‍സാണ് ഒല്ലി പോപ് കുറിച്ചത്.

231 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കരന്‍ ടോം ഹാര്‍ട്‌ലി കറക്കിവീഴ്ത്തി. ഇന്ത്യയൊരുക്കിയ സ്പിന്‍ പിച്ചില്‍ ഇന്ത്യക്ക് ചരമഗീതം പാടിയാണ് ഹാര്‍ട്‌ലി വിക്കറ്റുകള്‍ കൊയ്തത്. ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നേടിയാണ് കയ്യടി നേടിയത്.

രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, അക്‌സര്‍ പട്ടേല്‍, എസ്. ഭരത്, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റാണ് ഇടംകയ്യന്‍ ഓര്‍ത്തഡോക്സ് സ്പിന്നര്‍ സ്വന്തമാക്കിയത്. അഞ്ച് മെയ്ഡനടക്കം 26.5 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് ഹാര്‍ട്‌ലി ഏഴ് വിക്കറ്റ് വീഴ്ത്തിയത്.

ജോ റൂട്ടും ജാക്ക് ലീച്ചുമാണ് ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി മത്സരം തങ്ങളുടേതാക്കിയത്. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വിശാഖപട്ടണമാണ് വേദി.

Content Highlight: India vs England: Nasser Hussain’s tweet goes viral

Latest Stories

We use cookies to give you the best possible experience. Learn more