| Wednesday, 26th June 2024, 8:29 pm

ഇന്ത്യ-ഇംഗ്ലണ്ട് കളിയിൽ കനത്ത തിരിച്ചടിക്ക് സാധ്യത; അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് ഫൈനൽ ടിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് സെമി ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും ആണ് നാളെ നേര്‍ക്കുനേര്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് രോഹിത് ശര്‍മയും സംഘവും സെമിയിലേക്ക് യോഗ്യത നേടിയത്.

മറുഭാഗത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തപ്പോള്‍ ഒമാനെയും നമിബിയെയും തകര്‍ത്തുകൊണ്ടാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. ഒടുവില്‍ സൂപ്പര്‍ എട്ടില്‍ അമേരിക്കയെ മികച്ച റണ്‍ റേറ്റില്‍ പരാജയപ്പെടുത്തിയാണ് ജോസ് ബട്‌ലറും കൂട്ടരും സെമിയിലേക്ക് മുന്നേറിയത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി മഴയുടെ ആശങ്ക ശക്തമായി നിലനില്‍ക്കുകയാണ്. വെതര്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മത്സരം നടക്കുന്ന ഗയാനയിലെ സ്റ്റേഡിയത്തില്‍ 60% മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

പ്രാദേശിക സമയം രാവിലെ 10.30 ന് 31 ശതമാനം മഴപെയ്യുമെന്നും ഉച്ചയ്ക്ക് ഒരു മണിക്ക് 59 ശതമാനമായി മഴ ഉയരുമെന്നുമാണ് വെതര്‍ ഡോട്ട് കോം പറയുന്നത്. ഈ വാര്‍ത്തകള്‍ ആവേശകരമായ മത്സരം കാണാന്‍ എത്തുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നിരാശയായിരിക്കും സമ്മാനിക്കുക.

മഴ കളി തടസപ്പെടുത്തുകയാണെങ്കില്‍ 250 മിനിട്ട് അധികസമയം മത്സരം ആരംഭിക്കാനായി അനുവദിച്ചിട്ടുണ്ട്. മത്സരം നടക്കാതെ പൂര്‍ണമായും ഉപേക്ഷിക്കുകയാണെങ്കില്‍ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പുകളില്‍ ഒന്നാമതെത്തിയ ടീം ഏതാണോ ആ ടീം ഫൈനലിലേക്ക് നേരിട്ടു മുന്നേറും.

അങ്ങനെയാണെങ്കില്‍ ഗ്രൂപ്പ് ഒന്നില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയ രോഹിത് ശര്‍മയും സംഘവും ഫൈനലിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് രണ്ടില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റോടെ രണ്ടാം സ്ഥാനത്തായിരുന്നു ജോസ് ബട്‌ലറിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ടീം ഫിനിഷ് ചെയ്തത്.

Content Highlight: India vs England Match Weather Updates

We use cookies to give you the best possible experience. Learn more