ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 3-1 ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 19.4 ഓവറില്‍ 166 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇതോടെ മറ്റൊരു റെക്കോഡും ഇന്ത്യയില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ പിറന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം വിക്കറ്റ് വീണ ടി-20 മത്സരമായി മാറിയിരിക്കുകയാണ് കഴിഞ്ഞ മത്സരം. മൊത്തം 19 വിക്കറ്റുകളാണ് കഴിഞ്ഞ മത്സരത്തില്‍ വീണത്.
19 – ഇന്ത്യ VS ഇംഗ്ലണ്ട് – പൂനെ, 2025
18 – ഇന്ത്യ VS ഇംഗ്ലണ്ട് – രാജ്‌കോട്ട് 2025
18 – ഇന്ത്യ VS ബംഗ്ലാദേശ് – ഡല്‍ഹി, 2024
18 – ബംഗ്ലാദേശ് VS ന്യൂസിലാന്‍ഡ് – കൊല്‍ക്കത്ത, 2016
18 – അഫ്ഗാനിസ്ഥാന്‍ VS അയര്‍ലാന്‍ഡ് – നോയിഡ, 2017
18 – അഫ്ഗാനിസ്ഥാന്‍ VS ബംഗ്ലാദേശ് – ഡെറാഡൂണ്‍, 2018
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി സമ്മര്‍ദ ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത് ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയുമാണ്. അര്‍ധ സെഞ്ച്വറി നേടിയാണ് ഇരുവരും ഇന്ത്യയെ കരകയറ്റിയത്.
ആറാമനായി ഇറങ്ങിയ ദുബെ 34 പന്തില്‍ നിന്നും 7 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 53 റണ്‍സാണ് അടിച്ചെടുത്തത്. 155.88 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഹര്‍ദിക് 30 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സ് നേടി. 176.67 എന്ന പ്രഹര ശേഷിയിലാണ് ഹര്‍ദിക് റണ്‍സ് നേടിയത്.
ഇരുവര്‍ക്കും പുറമേ മികച്ച പ്രകടനം കാഴ്ചവെച്ചത് രണ്ട് മത്സരങ്ങള്‍ നഷ്ടമായി തിരിച്ചെത്തിയ റിങ്കു സിങ് ആണ്. 26 പന്തില്‍ നിന്ന് 30 റണ്‍സ് ആണ് താരം നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ 19 പന്തില്‍ 29 റണ്‍സ് നേടിയിരുന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നാലാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തിയാണ് മടങ്ങിയത്. മൂന്ന് പന്തില്‍ നിന്നും വെറും ഒരു റണ്‍സ് മാത്രമാണ് താരം നേടിയത്.
ഇംഗ്ലണ്ടിന്റെ സക്കിബ് മഹ്‌മൂദ് മൂന്ന് വിക്കറ്റും ജാമി ഓവര്‍ടണ്‍ രണ്ട് വിക്കറ്റും ബ്രൈഡന്‍ കാര്‍സി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഹാരി ബ്രൂക്കാണ്. നാലാമനായി ഇറങ്ങി 26 പന്തില്‍ നിന്ന് രണ്ട് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 51 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 196.15 എന്ന് കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിലുണ്ട്. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമായിരുന്നു ടീമിന് നല്‍കിയത്. സാള്‍ട്ട് 23 റണ്‍സും ബെന്‍ 39 റണ്‍സുമാണ് ടീമിന് നല്‍കിയത്. രവി ബിഷ്ണോയിയുടെയും ഹര്‍ഷിദ് റാണയുടെയും മികച്ച ഇടപെടലുകളാണ് ഇംഗ്ലണ്ടിന് എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിച്ചത്.
ഇന്ത്യയ്ക്കായി രവി ബിഷ്ണോയ്യും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് വീതം നേടി. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മത്സരത്തിന് വേദിയാകുന്നത്.
Content Highlight: India VS England Match In Record List