ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം കുല്‍ദീപ് യാദവ്. ജഡേജ പരിക്കില്‍ നിന്നും മുക്തനായി മടങ്ങിവരവിന്റെ പാതയിലാണെന്നും മൂന്നാം ടെസ്റ്റില്‍ ജഡേജ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്നും കുല്‍ദീപ് യാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസമായമായിരുന്നു ജഡേജക്ക് പരിക്കേറ്റത്. പരിക്കിന് പിന്നാലെ വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ജഡേജക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.
ജഡേജക്ക് പുറമെ കെ.എല്‍. രാഹുലും പരിക്കേറ്റ് പുറത്തായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍, സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍ എന്നിവരാണ് പകരക്കാരായി സ്‌ക്വാഡില്‍ ഇടം നേടിയത്.
ഹൈരദാബാദ് ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും 1-1ന് പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തിരുന്നു.
രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജഡേജ ടീമിലുണ്ടാകുന്നതിനെ കുറിച്ച് കുല്‍ദീപ് സംസാരിച്ചത്.
‘അദ്ദേഹം മികച്ച രീതിയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസവും അദ്ദേഹം ഒരു സെഷനില്‍ പങ്കെടുത്തു. എനിക്ക് തോന്നുന്നത് മൂന്നാം ടെസ്റ്റില്‍ അദ്ദേഹം ടീമിന്റെ ഭാഗമാകും എന്ന് തന്നെയാണ്,’ ചൈനാമാന്‍ സ്പിന്നര്‍ പറഞ്ഞു.
ജഡേജ തിരിച്ചുവരികയാണെങ്കില്‍ അക്‌സര്‍ പട്ടേലിനോ കുല്‍ദീപ് യാദവിനോ ടീമില്‍ ഇടമുണ്ടാന്‍ സാധ്യതയില്ല. പരിക്കേറ്റ കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ ഒരു പ്രവചനങ്ങള്‍ക്കും സാധ്യതയുമില്ല.
മൂന്നാം ടെസ്റ്റില്‍ താന്‍ ടീമിലുണ്ടാകുമോ എന്നതിനെ കുറിച്ച് അറിയില്ലെന്നും കുല്‍ദീപ് പറഞ്ഞു.
‘മൂന്നാം ടെസ്റ്റില്‍ ഞാന്‍ കളിക്കുമോ എന്നതിനെ കുറിച്ചൊന്നും എനിക്കറിയില്ല, കാരണം മത്സരത്തിന് ഇനിയും രണ്ട് ദിവസം ബാക്കിയുണ്ട്. അഥവാ ഞാന്‍ ടീമിലുണ്ടെങ്കില്‍ ഏറെ സന്തോഷവാനാകും. ഞാന്‍ കളിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ചൊന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. ക്രിക്കറ്റിലെ ഓരോ നിമിഷവും ആസ്വദിക്കുകയും കഠിനാധ്വാനം ചെയ്യുകയുമാണ് വേണ്ടത്,’ കുല്‍ദീപ് പറഞ്ഞു.
ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.
അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ*, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
(* മെഡിക്കല്‍ ടീമിന്റെ നിര്‍ദേശ പ്രകാരം മാത്രമായിരിക്കും ജഡേജയെ കളിപ്പിക്കുന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കുക)
Content Highlight: India vs England: Kuldeep Yadav says Ravindra Jadeja will play in 3rd test