അഞ്ചാം ടെസ്റ്റില്‍ അശ്വിനും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ക്കും ഒരേ റെക്കോഡ്; ചരിത്രത്തില്‍ ഈ അപൂര്‍വത മൂന്നാം തവണ മാത്രം
Sports News
അഞ്ചാം ടെസ്റ്റില്‍ അശ്വിനും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ക്കും ഒരേ റെക്കോഡ്; ചരിത്രത്തില്‍ ഈ അപൂര്‍വത മൂന്നാം തവണ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 8:39 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം ടെസ്റ്റിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം അരങ്ങേറുന്നത്.

ഈ മത്സരത്തില്‍ കളത്തിലിറങ്ങിയാല്‍ ടെസ്റ്റ് കരിയറിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ സ്വന്തമാക്കുക. ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് അഞ്ചാം ടെസ്റ്റ് കളിക്കുന്നതോടെ അശ്വിനെത്തുന്നത്.

2011ല്‍ ആരംഭിച്ച ടെസ്റ്റ് കരിയറിന് ഇതോടെ പൂര്‍ണത നല്‍കാനും അശ്വിന് സാധിക്കും.

നിലവില്‍ വെറും 13 താരങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യക്കായി നൂറ് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (200), രാഹുല്‍ ദ്രാവിഡ് (163), വി.വി.എസ് ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്‌സര്‍ക്കാര്‍ (116), സൗരവ് ഗാംഗുലി (113), വിരാട് കോഹ്‌ലി (113*), ഇഷാന്ത് ശര്‍മ (105), ഹര്‍ഭജന്‍ സിങ് (103), ചേതേശ്വര്‍ പൂജാര (103*), വിരേന്ദര്‍ സേവാഗ് (101) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കായി നൂറ് റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചത്.

അതേസമയം, അഞ്ചാം മത്സരത്തില്‍ കളത്തിലിറങ്ങിയാല്‍ എതിരാളികളുടെ ടീമിലെ സൂപ്പര്‍ താരത്തിനും ഇതേ റെക്കോഡ് സ്വന്തമാക്കാം. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോണി ബെയര്‍സ്‌റ്റോയാണ് 100ാം ടെസ്റ്റ് എന്ന നേട്ടത്തിലേക്ക് ചെന്നെത്താന്‍ ഒരുങ്ങുന്നത്.

ഈ പരമ്പരയില്‍ ബെന്‍ ഫോക്‌സാണ് വിക്കറ്റിന് പിന്നില്‍ ഇംഗ്ലണ്ടിനായി നിലുറപ്പിച്ചിരിക്കുന്നത്.

2012ല്‍ ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളത്തിലിറങ്ങിയാണ് ബെയര്‍സ്‌റ്റോ തന്റെ റെഡ് ബോള്‍ കരിയര്‍ ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ 99 മത്സരത്തിലെ 176 ഇന്നിങ്‌സില്‍ താരം ത്രീ ലയണ്‍സിനായി ബാറ്റേന്തി.

36.42 എന്ന ശരാശരിയിലും 58.68 സ്‌ട്രൈക്ക് റേറ്റിലും 5,974 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. 12 സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് ബെയര്‍സ്‌റ്റോ സ്വന്തമാക്കിയത്. പുറത്താകാതെ നേടിയ 167 റണ്‍സാണ് ടെസ്റ്റില്‍ താരത്തിന്റെ ടോപ് സ്‌കോര്‍.

വിക്കറ്റ് കീപ്പറുടെ റോളിലും ഫീല്‍ഡറുടെ റോളിലുമായി 242 ക്യാച്ചുകളും സ്വന്തമാക്കിയ ബെയര്‍സ്‌റ്റോ 14 സ്റ്റംപിങ്ങും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നടത്തിയിട്ടുണ്ട്.

അഞ്ചാം മത്സരത്തില്‍ അശ്വിനും ബെയര്‍സ്‌റ്റോയും പ്ലെയിങ് ഇലവന്റെ ഭാഗമാവുകയാണെങ്കില്‍ ഒരു അത്യപൂര്‍വ നിമിഷത്തിനും ക്രിക്കറ്റ് ലോകം സാക്ഷിയാകും. എതിര്‍ ടീമിലെ രണ്ട് താരങ്ങള്‍ ഒരു മത്സരത്തില്‍ തന്നെ തങ്ങളുടെ നൂറാം മത്സരം കളിക്കുന്നു എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കുക.

2006ലാണ് ഈ അപൂര്‍വത ആദ്യം പിറവിയെടുത്തത്. ക്രിക്കറ്റ് ഇതിഹാസം ജാക് കാല്ലിസും ഷോണ്‍ പൊള്ളോക്കും സൗത്ത് ആഫ്രിക്കക്കായി നൂറാം മത്സരം കളിക്കുന്ന അതേ മത്സരത്തില്‍ തന്നെയാണ് സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ന്യൂസിലാന്‍ഡിനായി തന്റെ നൂറാം മത്സരത്തിന് പാഡ് കെട്ടിയത്.

2013ല്‍ ഈ പ്രതിഭാസത്തിന് ക്രിക്കറ്റ് ലോകം വീണ്ടും സാക്ഷിയായി. ഇംഗ്ലണ്ട് ഇതിഹാസം അലിസ്റ്റര്‍ കുക്കും മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കുമാണ് ഒരേ മത്സരത്തില്‍ തന്നെ നൂറാം ടെസ്റ്റ് കളിച്ചത്.

ഒരു ടീമിലെ രണ്ട് താരങ്ങള്‍ നൂറാം ടെസ്റ്റിന് ഒരുമിച്ച് കളത്തിലിറങ്ങുന്ന അപൂര്‍വ നിമിഷം വീണ്ടും പിറവിയെടുക്കാനൊരുങ്ങുകയാണ്.

ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കെയ്ന്‍ വില്യംസണും ക്യാപ്റ്റന്‍ ടിം സൗത്തിയുമാണ് ഒരുമിച്ച് നൂറാം ടെസ്റ്റിനിറങ്ങുന്നത്. മാര്‍ച്ച് എട്ടിന് ക്രൈസ്റ്റ് ചര്‍ച്ചിലാണ് മത്സരം അരങ്ങേറുന്നത്.

 

Content highlight: India vs England: Johnny Bairstow and R Ashwin set to play 100th test together