| Thursday, 25th January 2024, 12:14 pm

വെറും പത്ത് റണ്ണടിച്ച് സച്ചിനെ വീഴ്ത്തിയ ജോ റൂട്ട് മാജിക്; ടെന്‍ഡുല്‍ക്കര്‍ ഇനി രണ്ടാമന്‍, അമ്പരപ്പിക്കാന്‍ മോഡേണ്‍ ഡേ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ 108 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്. 35 പന്തില്‍ 18 റണ്‍സുമായി സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടും 44 പന്തില്‍ 32 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.

സാക്ക് ക്രോളി (40 പന്തില്‍ 20 റണ്‍സ്), ബെന്‍ ഡക്കറ്റ് (39 പന്തില്‍ 35 റണ്‍സ്), ഒല്ലി പോപ്പ് (11 പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്രോളിയെയും ഡക്കറ്റിനെയും അശ്വിന്‍ മടക്കിയപ്പോള്‍ ഒല്ലി പോപ്പിനെ ജഡേജയും പുറത്താക്കി.

ഇന്ത്യക്കെതിരെ പത്ത് റണ്‍സ് നേടിയതോടെ സൂപ്പര്‍ താരം ജോ റൂട്ടിനെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡെത്തിയിരുന്നു. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് ജോസഫ് എഡ്വാര്‍ഡ്‌സ് റൂട്ട് എന്ന ജോ റൂട്ട് സ്വന്തമാക്കിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിനെ മറികടന്നാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം

ജോ റൂട്ട് (ഇംഗ്ലണ്ട്) – 2,544*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 2,535

സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ) – 2,483

ടെസ്റ്റ് ഫോര്‍മാറ്റില്‍ 11,434 റണ്‍സാണ് നിലവില്‍ റൂട്ടിന്റെ പേരിലുള്ളത്. 136* മത്സരത്തിലെ 248* ഇന്നിങ്‌സില്‍ നിന്നുമാണ് റൂട്ട് റണ്ണടിച്ചുകൂട്ടിയയത്. 30 സെഞ്ച്വറിയും 60 അര്‍ധ സെഞ്ച്വറിയും അടക്കമാണ് റൂട്ട് റണ്ണടിച്ചുകൂട്ടിയത്. അഞ്ച് തവണ 200+ റണ്‍സും താരം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് ബാറ്ററാണ് റൂട്ട്. ടെസ്റ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കിയ 11ാമത് ബാറ്ററും രണ്ടാമത് ഇംഗ്ലണ്ട് ബാറ്ററുമാണ് റൂട്ട്. 12,472 റണ്‍സ് നേടിയ ഇതിഹാസ താരം അലിസ്റ്റര്‍ കുക്ക് മാത്രമാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇംഗ്ലീഷ് താരം.

നിലവില്‍ ക്രിക്കറ്റ് തുടരുന്ന താരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും 10,000 റണ്‍സ് പൂര്‍ത്തിയാക്കിയതും റൂട്ട് തന്നെയാണ്. ഈ കണക്കുകളില്‍ ഫാബ് ഫോറിലും റൂട്ട് തന്നെയാണ് മുമ്പില്‍.

Content highlight:  India vs England: Joe Root surpasses Sachin Tendulkar

We use cookies to give you the best possible experience. Learn more