ഇംഗ്ലണ്ട് ഓള്‍ ഔട്ട്, റൂട്ടിന് ചരിത്ര റെക്കോഡ്; ഇന്ത്യക്കെതിരെ അഞ്ച് അണ്‍ബീറ്റണ്‍, വീണ്ടും ഇതിഹാസങ്ങള്‍ക്കൊപ്പം
Sports News
ഇംഗ്ലണ്ട് ഓള്‍ ഔട്ട്, റൂട്ടിന് ചരിത്ര റെക്കോഡ്; ഇന്ത്യക്കെതിരെ അഞ്ച് അണ്‍ബീറ്റണ്‍, വീണ്ടും ഇതിഹാസങ്ങള്‍ക്കൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 11:45 am

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ടാം ദിവസം 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ടിലേക്ക് വീണത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്‌സണെ രവീന്ദ്ര ജഡേജ പവലിയനിലേക്ക് തിരിച്ചയക്കുമ്പോള്‍ 274 പന്തില്‍ 122 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെ നിന്നു.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും റൂട്ടിനെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം അണ്‍ ബീറ്റണ്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള താരം എന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്.

 

ടെസ്റ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം അണ്‍ ബീറ്റണ്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ സെഞ്ച്വറി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – ഇന്ത്യ – 5*

സര്‍ അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 5

സ്റ്റീവ് വോ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 5

ഇതിന് മുമ്പ് ഇന്ത്യക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടവും റൂട്ടിനെ തേടിയെത്തിയിരുന്നു. പത്ത് തവണയാണ് റൂട്ട് റെഡ് ബോളില്‍ ഇന്ത്യക്കെതിരെ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്. അതായത് ആകെ നേടിയ പത്ത് സെഞ്ച്വറിയില്‍ അഞ്ച് തവണയും റൂട്ട് പുറത്താകാതെ നിന്നു.

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒമ്പത് പന്തില്‍ രണ്ട് റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

നിലവില്‍ ലഞ്ചിന് പിരിയുമ്പോള്‍ 34ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. 38 പന്തില്‍ 27 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 14 പന്തില്‍ നാല് റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 353ന് ഓള്‍ ഔട്ടായി. റൂട്ടിന്റെ സെഞ്ച്വറി തന്നെയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രണ്ട് നിര്‍ണായക കൂട്ടുകെട്ടിലൂടെ റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്സിനൊപ്പവും എട്ടാം വിക്കറ്റില്‍ ഒല്ലി റോബിന്‍സണൊപ്പവും രണ്ട് സെഞ്ച്വറി കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്.

റൂട്ടിന് പുറമെ ഒല്ലി റോബിന്‍സണ്‍ (96 പന്തില്‍ 58), ബെന്‍ ഫോക്സ് (126 പന്തില്‍ 47), സാക്ക് ക്രോളി (42 പന്തില്‍ 42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് റണ്‍ വേട്ടക്കാര്‍.

ഇന്ത്യക്കായി ജഡേജ നാല് വിക്കറ്റ് നേടിയപ്പോള്‍ ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി. അശ്വിനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

Content Highlight: India vs England: Joe Root scripts yet another historic feat in test history