| Thursday, 26th October 2023, 9:00 pm

ഇംഗ്ലണ്ടിന്റെ വിധി ഇന്ത്യ തീരുമാനിക്കും; കിരീടവും ചെങ്കോലും അഴിച്ചുവെക്കേണ്ടി വരുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ മറ്റൊരു തോല്‍വി കൂടിയേറ്റുവാങ്ങിയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ തലകുനിച്ച് നില്‍ക്കുന്നത്. കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തേക്ക് വീണിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്.

ഈ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കാത്തിരിക്കുകയും വേണം.

ഒരു തോല്‍വി കൂടിയേറ്റുവാങ്ങിയാല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ ലോകകപ്പ് യാത്ര പൂര്‍ണമായും അവസാനിച്ചേക്കും. അതിനാല്‍ തന്നെ രണം അല്ലെങ്കില്‍ മരണം എന്ന മനോഭാവത്തോടെയായിരിക്കും ഇംഗ്ലണ്ട് കളത്തിലിറങ്ങുക.

എന്നാല്‍ ത്രീ ലയണ്‍സിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും എളുപ്പവുമല്ല. കരുത്തരായ ഇന്ത്യയെയാണ് അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിന് നേരാടുനുള്ളത്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. കളിച്ച ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ലോകകപ്പ് ക്യാമ്പെയ്ന്‍ തുടരുന്നത്. വരും മത്സരത്തിലും വിജയിച്ച് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ തന്നെയാകും ഇന്ത്യയിറങ്ങുന്നത്.

താരങ്ങളുടെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ജയസാധ്യത ഇന്ത്യക്കാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിയര്‍ലെസ് അറ്റാക്കിങ് അപ്രോച്ചും വിരാട് കോഹ്‌ലിയുടെ ഹാര്‍ഡ് ഹിറ്റിങ്ങുമാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ കരുത്ത്. പിന്നാലെയെത്തുന്ന ശ്രേയസ് അയ്യരിനും കെ.എല്‍. രാഹുലിനും രവീന്ദ്ര ജഡേജക്കും സ്‌കോര്‍ ഉയര്‍ത്താന്‍ വിരുതേറെയാണ്.

ബൗളിങ്ങില്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ പ്രധാന ആയുധങ്ങളിലൊന്ന്. ന്യൂസിലാന്‍ഡിനെതിരെ ഫൈഫര്‍ തികച്ചാണ് ഷമി ലോകകപ്പിലേക്കുള്ള തന്റെ വരവറിയിച്ചിരിക്കുന്നത്.

പേസ് നിരയില്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഇറങ്ങുമ്പോള്‍ കുല്‍ദീപും ജഡ്ഡുവുമാണ് സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിലെ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍.

എന്നാല്‍ മറുവശത്ത് ഇംഗ്ലണ്ടിന് തിരിച്ചടികളേറെയാണ്. ഫോം കണ്ടെത്താന്‍ സാധിക്കാതെ വലയുന്ന ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജോ റൂട്ട്, ജോണി ബെടര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരുടെ സ്ഥിരതയില്ലായ്മയും ടീമിന് സൃഷ്ടിക്കുന്ന തലവേദനകളേറെയാണ്. സൂപ്പര്‍ താരം റീസ് ടോപ്‌ലി പരിക്കേറ്റ് പുറത്തായതും ടീമിന് തിരിച്ചടിയാണ്.

കണക്കുകള്‍ ഇന്ത്യക്ക് ജയസാധ്യതയും ഇംഗ്ലണ്ടിന് ലോകകപ്പില്‍ നിന്നുള്ള പുറത്താകലും കല്‍പിക്കുമ്പോള്‍ ക്രിക്കറ്റിന്റെ അണ്‍പ്രഡിക്ടബിലിറ്റി എന്ന ഘടകത്തെയും മറന്നുകൂടാ. ഇന്ത്യ ലോകകപ്പിലെ അണ്‍ ബീറ്റണ്‍ റണ്‍ തുടരുമോ അതോ ചാമ്പ്യന്‍മാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്താകുമോ എന്നെല്ലാം കാത്തിരുന്ന് തന്നെ കാണണം.

Content highlight: India vs England, ICC World Cup 2023

We use cookies to give you the best possible experience. Learn more