ചരിത്രത്തിലാദ്യം; അവകാശികള്‍ ഇംഗ്ലണ്ടും, ഇന്ത്യക്ക് 'കൂട്ടായി' തകര്‍ത്തടിച്ചപ്പോള്‍ പിറന്നത് ഐതിഹാസിക നേട്ടം
Sports News
ചരിത്രത്തിലാദ്യം; അവകാശികള്‍ ഇംഗ്ലണ്ടും, ഇന്ത്യക്ക് 'കൂട്ടായി' തകര്‍ത്തടിച്ചപ്പോള്‍ പിറന്നത് ഐതിഹാസിക നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 8:27 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ഇന്ത്യ വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ധര്‍മശാലയില്‍ നടന്ന അവസാന മത്സരത്തത്തില്‍ ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.

യുവതാരങ്ങളുടെ പ്രകടനത്താലാണ് ഈ പരമ്പര ശ്രദ്ധേയമായത്. ഇംഗ്ലണ്ട് നിരയില്‍ നിന്നും ഇന്ത്യന്‍ നിരയില്‍ നിന്നും ഒരുപിടി താരങ്ങള്‍ ഈ പരമ്പരയിലൂടെ അരങ്ങേറ്റം നടത്തി. ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍ അടക്കമുള്ള ഇന്ത്യയുടെ അടുത്ത തലമുറയിലെ താരങ്ങളെ കണ്ടെടുക്കാന്‍ സാധിച്ചു എന്നതാണ് ഈ പരമ്പരയെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ സ്‌പെഷ്യലാക്കുന്നത്.

എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു രീതിയിലായിരിക്കും ഈ പരമ്പര ഓര്‍ത്തുവെക്കപ്പെടുക. ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെയെില്ലാത്ത ഒരു നേട്ടം പിറവിയെടുത്ത പരമ്പരയായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നൂറ് സിക്‌സറുകള്‍ പിറന്ന രേഖപ്പെടുത്തപ്പെട്ട ആദ്യ മത്സരം എന്ന നേട്ടമാണ് ഈ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യയും ഇംഗ്ലണ്ടും ചേര്‍ന്നാണ് ഈ റെക്കോഡിനുടമകളായിരിക്കുന്നത്.

പരമ്പരയില്‍ ഇരുടീമുകളും ചേര്‍ന്ന് 101 സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്. ഇതില്‍ സിംഹഭാഗവും പിറന്നത് ഇന്ത്യയുടെ ബാറ്റില്‍ നിന്നുമാണ്. ആകെയുള്ള 101 സിക്‌സറുകളില്‍ 72 സിക്‌സറുകള്‍ ഇന്ത്യയടിച്ചപ്പോള്‍ 29 എണ്ണമാണ് ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

 

സിക്‌സറടിയില്‍ യശസ്വി ജെയ്‌സ്വാളാണ് ഏറെ മുന്നിട്ടുനില്‍ക്കുന്നത്. ആകെ പിറന്ന 101 സിക്‌സറുകളില്‍ 26 സിക്‌സറും ജെയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നുമാണ് പിറവിയെടുത്തത്. അതായത് സീരീസില്‍ പിറന്ന സിക്‌സറുകളില്‍ 25 ശതമാനത്തിലധികം നേടിയത് രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണറാണ്.

രണ്ട് ഇരട്ട സെഞ്ച്വറികളടക്കം ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 712 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതിന് പുറമെ നിരവധി നേട്ടങ്ങളും ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.

ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് ഇന്ത്യന്‍ താരം, ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത് മികച്ച ടോട്ടല്‍ (ആദ്യ രണ്ട് സ്ഥാനങ്ങളിലും സുനില്‍ ഗവാസ്‌കര്‍), ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകളാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. പരമ്പരയുടെ താരവും ജെയ്‌സ്വാള്‍ തന്നെ.

ഇനി ടി-20 ലോകകപ്പാണ് ഇന്ത്യയുടെ മുമ്പിലുള്ളത്. ഈസ്റ്റ് മെഡോയില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ കളിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.

 

Content highlight: India vs England: First test series ever to record 100+ sixes in history