| Tuesday, 30th January 2024, 8:08 pm

17.16 ആവറേജ്, 3.31 എക്കോണമി; തന്റെ യോഗ്യത വീണ്ടും തെളിയിക്കുന്നു; മൂന്നാം ടെസ്റ്റില്‍ ഇവനെത്തുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

2024 രഞ്ജി ട്രോഫിയിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നാലെ ഉമേഷ് യാദവ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. സീസണില്‍ നാലില്‍ മൂന്ന് മത്സരത്തിലും വിജയിച്ച് വിദര്‍ഭ എലീറ്റ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അതില്‍ ഉമേഷ് യാദവിന്റെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്.

സീസണില്‍ മൂന്ന് മത്സരത്തില്‍ നിന്നും 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 17.16 എന്ന മികച്ച ശരാശരിയിലും 3.31 എന്ന തകര്‍പ്പന്‍ എക്കോണമിയിലുമാണ് സിറാജ് പന്തെറിയുന്നത്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവിനെ ടീമിലെത്തിക്കണെമന്നാണ് ആരാധകരുടെ ആവശ്യം. സിറാജ് വളരെ മികച്ച ബൗളര്‍ തന്നെയാണെന്നും എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സിറാജിനേക്കാള്‍ തിളങ്ങാന്‍ സാധിക്കുക ഉമേഷ് യാദവിനാണ് എന്നുമാണ് ആരാധകര്‍ പറയുന്നത്.

ആഭ്യന്തര മത്സരങ്ങളിലെ മികച്ച ഫോമും സിറാജിനേക്കാള്‍ കൂടുതല്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചതിന്റെ പരിചയ സമ്പത്തും കാരണമാണ് ഉമേഷ് യാദവിനെ ടീമിലെത്തിക്കാന്‍ ആരാധകര്‍ മുറവിളി കൂട്ടുന്നത്.

ഇന്ത്യക്കായി 57 ടെസ്റ്റ് മത്സരത്തിലെ 112 ഇന്നിങ്‌സുകളിലാണ് ഉമേഷ് യാദവ് ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുള്ളത്. 30.95 ശരാശരിയിലും 3.51 എന്ന എക്കോണമിയിലും പന്തെറിയുന്ന ഉമേഷ് യാദവിന്റെ സ്‌ട്രൈക്ക് റേറ്റ് 52.8 ആണ്.

അന്താരാഷ്ട്ര റെഡ് ബോള്‍ കരിയറില്‍ 170 വിക്കറ്റാണ് ഉമേഷ് യാദവ് തന്റെ പേരില്‍ കുറിച്ചത്. 88 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ താരത്തിന്റെ പ്രകടനം അല്‍പം കൂടി മെച്ചപ്പെടുന്നുണ്ട്. 118 മത്സരത്തിലെ 216 ഇന്നിങ്‌സില്‍ നിന്നും 369 വിക്കറ്റാണ് ഉമേഷ് യാദവിന്റെ സമ്പാദ്യം.

29.14 ശരാശരിയിലും 3.30 എന്ന എക്കോണമിയിലുമാണ് താരം ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ പന്തെറിയുന്നത്.

അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റ് കൊണ്ടും തന്നെക്കൊണ്ട് ചിലത് തെളിയിക്കാന്‍ സാധിക്കുമെന്നും ഉമേഷ് യാദവ് വ്യക്തമാക്കിയതാണ്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടക്കം 1,377 റണ്‍സും ഉമേഷ് യാദവ് സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ ഒഡീഷക്കെതിരെ പുറത്താകാതെ നേടിയ 128* ആണ് മികച്ച സ്‌കോര്‍.

ഈ സീസണില്‍ തന്റെ കരിയര്‍ ഫിഗറുകളേക്കാള്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ഉമേഷ് യാദവ് മൂന്നാം മത്സരം മുതല്‍ ടീമിന്റെ ഭാഗമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

മൂന്നാം മത്സരത്തിനുള്ള ടീം തെരഞ്ഞെടുപ്പിന് മുമ്പ് രഞ്ജിയില്‍ ഒരു മത്സരം കൂടി ഉമേഷ് യാദവിന് മുമ്പിലുണ്ട്. ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ രാജസ്ഥാനാണ് എതിരാളികള്‍.

Content highlight: India vs England: Fans want to include Umesh Yadav in the team

We use cookies to give you the best possible experience. Learn more