ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന ധര്‍മശാല ടെസ്റ്റിനുള്ള ഇലവനാണ് ത്രീ ലയണ്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്ലെയിങ് ഇലവനില്‍ ഒരു സുപ്രധാന മാറ്റത്തോടെയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഒല്ലി റോബിന്‍സണിന് പകരമായി മാര്‍ക് വുഡിനെ തിരിച്ചുവിളിച്ചാണ് ഇംഗ്ലണ്ട് അവസാന പോരാട്ടത്തിനിറങ്ങുന്നത്.
നാലാം ടെസ്റ്റില്‍ ടീമില്‍ ഇടം പിടിക്കാതെ പോയ മാര്‍ക് വുഡിനെ സ്‌റ്റോക്‌സ് തിരികെ വിളിച്ചിരിക്കുകയാണ്. രാജ്‌കോട്ട് ടെസ്റ്റിലാണ് വുഡ് അസാനമായി കളത്തിലിറങ്ങിയത്. മത്സരത്തില്‍ ഒറ്റ വിക്കറ്റ് പോലും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ രണ്ട് വിക്കറ്റും ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റുമായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഇതിനോടകം തന്നെ പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ വിജയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും പരാജയപ്പെട്ട് പരമ്പര അടിയറ വെക്കുകയായിരുന്നു.
അതേസമയം, അവസാന മത്സരവും വിജയിച്ച് ഇന്ത്യ മറ്റൊരു റെക്കോഡാണ് ലക്ഷ്യമിടുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെടുകയും ശേഷിക്കുന്ന നാല് മത്സരങ്ങളും വിജയിക്കുകയും ചെയ്യുന്ന ചരിത്രത്തിലെ രണ്ടാമത് ടീമാകാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
അവസാന ടെസ്റ്റ് വിജയിച്ചാല്‍ ഒരു നൂറ്റാണ്ടിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാകാനും ഇന്ത്യക്ക് സാധിക്കും. 112 വര്‍ഷത്തിന് മുമ്പാണ് ഈ നേട്ടം ആദ്യമായി പിറവിയെടുക്കുന്നത്. 1911-12 സീസണില്‍ ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഈ നേട്ടം ആദ്യമായി പിറന്നത്. ഇംഗ്ലണ്ടിന്റെ പേരിലാണ് റെക്കോഡുള്ളത്.
സിഡ്‌നിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സന്ദര്‍ശകര്‍ ശേഷിക്കുന്ന നാല് മത്സരത്തിലും വിജയിക്കുകയായിരുന്നു.
അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്ണ്‍, ഷോയ്ബ് ബഷീര്‍.