| Saturday, 10th February 2024, 11:38 am

അവസാന മൂന്ന് മത്സരത്തിലും ഇല്ല, ഈ കോഹ്‌ലിക്ക് എന്ത് പറ്റി? ടീം പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയില്ലാതെയാണ് ഇന്ത്യ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ കോഹ്‌ലി വിട്ടുനില്‍ക്കുകയായിരുന്നു. ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് മുതല്‍ വിരാട് ടീമിന്റെ ഭാഗമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരമ്പരയില്‍ നിന്നും വിരാട് പൂര്‍ണമായി ഒഴിവായിരിക്കുകയാണ്.

രണ്ടാം ടെസ്റ്റിന് മുമ്പ് പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയെയും കെ.എല്‍. രാഹുലിനെയും സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശമനുസരിച്ച് മാത്രമേ ഇരുവരെയും കളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

വിരാടിന്റെ പകരക്കാരനായി ടീമിലെത്തിയ രജത് പാടിദാര്‍ സ്‌ക്വാഡില്‍ സ്ഥാനം നിലനിര്‍ത്തി. ജഡേജക്കും രാഹുലിനും പകരക്കാരനായി ഉള്‍പ്പെടുത്തിയവരില്‍ സര്‍ഫറാസ് ഖാനും വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് ശേഷിക്കുന്ന മൂന്ന് ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പേസര്‍ ആകാശ് ദീപും സ്‌ക്വാഡില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. നാലാം ടെസ്റ്റ് ഫെബ്രുവരി 23ന് റാഞ്ചിയിലും അവസാന ടെസ്റ്റ് മാര്‍ച്ച് ഏഴിന് ധര്‍മശാലയിലും നടക്കും.

അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍*, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍),ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ*, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Content Highlight: India vs England: BCCI announces squad for last 3 matches

Latest Stories

We use cookies to give you the best possible experience. Learn more