| Monday, 11th March 2024, 9:45 am

നൂറ് ടെസ്റ്റില്‍ സച്ചിന്‍ ജയിച്ചത് 28, അശ്വിന്‍ ജയിച്ചത് 59!! ഒന്നാമന്‍; ഇന്ത്യക്കായി അശ്വിന്റെ അശ്വമേധം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലായിരിക്കും. തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിനാണ് അശ്വിന്‍ ധര്‍മശാലയിലേക്കിറങ്ങിയത്.

ഇതോടെ ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരം കളിച്ച 14ാം താരം എന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (200), രാഹുല്‍ ദ്രാവിഡ് (163), വി.വി.എസ്. ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്‌സര്‍ക്കാര്‍ (116), സൗരവ് ഗാംഗുലി (113), വിരാട് കോഹ്‌ലി (113), ഇഷാന്ത് ശര്‍മ (105), ഹര്‍ഭജന്‍ സിങ് (103), ചേതേശ്വര്‍ പൂജാര (103), വിരേന്ദര്‍ സേവാഗ് (101) എന്നിവരാണ് അശ്വിന് പുറമെ ഇന്ത്യക്കായി നൂറ് മത്സരം പൂര്‍ത്തിയാക്കിയ താരങ്ങള്‍.

നൂറാം മത്സരത്തില്‍ ഫൈഫര്‍ നേടി റെക്കോഡിട്ട അശ്വിന്‍ മറ്റൊരു ഐതിഹാസിക നേട്ടവും തന്റെ പേരില്‍ കുറിച്ചു.

ഇന്ത്യക്കായി നൂറ് ടെസ്റ്റ് കളിച്ചപ്പോള്‍ ഏറ്റവുമധികം വിജയങ്ങളുടെ ഭാഗമായ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് അശ്വിന്‍ തരംഗമായത്. ചേതേശ്വര്‍ പൂജാരയെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിയാണ് അശ്വിന്‍ ഒന്നാമനായത്.

ഇന്ത്യക്കായി അശ്വിന്‍ കളിച്ച നൂറ് മത്സരങ്ങളില്‍ 59ലും ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ നൂറ് മത്സരങ്ങളില്‍ 58 എണ്ണത്തിലാണ് പൂജാര ഇന്ത്യക്കൊപ്പം വിജയം സ്വന്തമാക്കിയത്.

നൂറ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യക്കൊപ്പം ഏറ്റവുമധികം വിജയങ്ങളില്‍ പങ്കാളിയായ താരങ്ങള്‍

ആര്‍. അശ്വിന്‍ – 59
ചേതേശ്വര്‍ പൂജാര – 58
വിരാട് കോഹ്‌ലി – 52
ഇഷാന്ത് ശര്‍മ – 46
ഹര്‍ഭജന്‍ സിങ് – 41
വിരേന്ദര്‍ സേവാഗ് – 40
അനില്‍ കുംബ്ലെ – 35
വി.വി.എസ്. ലക്ഷ്മണ്‍ – 34
രാഹുല്‍ ദ്രാവിഡ് -32
സൗരവ് ഗാംഗുലി – 35
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 28

ഇന്ത്യക്കായി 200 ടെസ്റ്റ് മത്സരം കളിച്ച സച്ചിന്റെ ആദ്യ നൂറ് മത്സരങ്ങളില്‍ 28 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചത്. എങ്കിലും പരാജയപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. മിക്ക മത്സരങ്ങളും സമനിലയില്‍ അവസാനിച്ചതിനാലാണ് സച്ചിന് 28 വിജയം മാത്രമുണ്ടായത്.

കാലഘട്ടങ്ങളുടെ വ്യത്യാസവും കളി ശൈലിയില്‍ വന്ന മാറ്റവും അശ്വിന്റെ നേട്ടത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്.

അവസാന ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് നേടിക്കൊണ്ടാണ് അശ്വിന്‍ തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയാണ് റെക്കോഡ് പുസ്തകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്. ഇതോടെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ നാലാം താരം എന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.

നൂറ് ടെസ്റ്റില്‍ നിന്നും 516വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 23.75 എന്ന ശരാശരിയിലും 50.7 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വെറ്ററന്‍ സൂപ്പര്‍ താരം പന്തെറിയുന്നത്. ധര്‍മശാലയില്‍ കരിയറിലെ 36ാം ഫൈഫര്‍ തന്റെ പേരില്‍ കുറിച്ച അശ്വിന്‍ 25 ഫോര്‍ഫറുകളും എട്ട് ടെന്‍ഫറുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

Content Highlight: India vs England: Ashwin tops the list of players part of Most Wins after 100 Test matches

We use cookies to give you the best possible experience. Learn more