| Thursday, 22nd February 2024, 8:16 pm

വെറും ടെസ്റ്റ് സെഞ്ച്വറിയല്ല, സ്‌പെഷ്യല്‍ ടെസ്റ്റ് സെഞ്ച്വറി; ഇതുവരെ ഒരു ഇന്ത്യക്കാരനും നേടാനാകാത്ത റെക്കോഡിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയതിന് പിന്നാലെ ടെസ്റ്റ് ചരിത്രത്തില്‍ അത്യപൂര്‍വ നാഴികക്കല്ലാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ പിന്നിട്ടത്. ടെസ്റ്റിലെ 500 വിക്കറ്റ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു വിക്കറ്റ് കൂടെ നേടി താരം റെഡ് ബോള്‍ ഫോര്‍മാറ്റിലെ വിക്കറ്റ് നേട്ടം 501 ആയി ഉയര്‍ത്തിയിരുന്നു.

അടുത്ത മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയാല്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അനില്‍ കുംബ്ലെക്കൊപ്പം ഒന്നാമതെത്താനും മറ്റൊരു വിക്കറ്റ് വീഴ്ത്തിയാല്‍ ഇന്ത്യന്‍ സ്പിന്‍ വിസാര്‍ഡിനെ മറികടക്കാനും അശ്വിനാകും. നിലവില്‍ 348 ടെസ്റ്റ് വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്.

എന്നാല്‍ കുംബ്ലെയെ മറികടക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു റെക്കോഡും അശ്വിനെ തേടിയെത്തും. ഇതിന് വേണ്ടതാകട്ടെ ഒറ്റ വിക്കറ്റും.

ഇംഗ്ലണ്ടിനെതിരെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 100 വിക്കറ്റ് എന്ന നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്നത്. റാഞ്ചിയില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര റെക്കോഡും അശ്വിന് സ്വന്തമാക്കാം.

ഇതിലൂടെ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് വീഴ്ത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും അശ്വിന് സാധിക്കും. ചരിത്രത്തില്‍ ഇതുവരെ എട്ട് താരങ്ങള്‍ക്ക് മാത്രമാണ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നൂറ് വിക്കറ്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ക്ലാരി ഗ്രിമ്മറ്റ് – ഓസ്‌ട്രേലിയ – 106

ജോര്‍ജ് ഗിഫന്‍ – ഓസ്‌ട്രേലിയ – 103

ബില്‍ ഒ റെയ്‌ലി – ഓസ്‌ട്രേലിയ – 102

ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 102

ചാര്‍ളി ടര്‍ണര്‍ – ഓസ്‌ട്രേലിയ – 101

ജെഫ് തോംസണ്‍ – ഓസ്‌ട്രേലിയ – 100

ലാന്‍സ് ഗിബ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 100

ടെറി അല്‍ഡെര്‍മാന്‍ – ഓസ്‌ട്രേലിയ – 100

ഈ ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് അശ്വിനും ചുവടുവെക്കുന്നത്. കരിയറില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ ഇവരെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും അശ്വിന് സാധിക്കും.

ഫെബ്രുവരി 23നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം മത്സരം. റാഞ്ചിയിലെ ജി.എസ്.സി.എ സ്റ്റേഡിയം കോംപ്ലെക്‌സാണ് വേദി.

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ഷോയിബ് ബഷീര്‍.

നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Content Highlight: India vs England,  Ashwin needs one wicket to complete 100 test wickets against England

We use cookies to give you the best possible experience. Learn more