ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ധര്‍മശാലയില്‍ നടക്കുകയാണ്. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-3ന് ലീഡ് നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.
മുഖം രക്ഷിക്കാനായി അവസാന മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ കുല്‍ദീപ് യാദവിന്റെയും ആര്‍. അശ്വിന്റെയും സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല.
ആദ്യ ദിവസം ചായക്ക് ശേഷം മടങ്ങിയെത്തിയ ഇംഗ്ലണ്ട് അധികം വൈകാതെ ഓള്‍ ഔട്ടായി. 218 റണ്‍സിനാണ് ഇംഗ്ലണ്ട് മടങ്ങിയത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ നാല് വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. ശേഷിക്കുന്ന വിക്കറ്റ് ജഡേജയും സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെയും യശസ്വി ജെയ്‌സ്വാളിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ആദ്യ ദിനം 135ന് ഒന്ന് എന്ന നിലയില്‍ അവസാനിപ്പിച്ചു.
ജെയ്‌സ്വാള്‍ 58 പന്തില്‍ 57 റണ്‍സ് നേടി പുറത്തായപ്പോള്‍ 83 പന്തില്‍ പുറത്താകാതെ 52 റണ്‍സാണ് രോഹിത് നേടിയത്. 39 പന്തില്‍ 26 റണ്‍സുമായി ശുഭ്മന്‍ ഗില്ലാണ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത്.
അഞ്ചാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. 76 വര്‍ഷത്തിനിടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരത്തിലും 50+ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.
ഇതിന് മുമ്പ് 1948-49 സീസണില്‍ റുസി മോദിയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരെയാണ് മോദിയുടെ നേട്ടം പിറവിയെടുത്തത്.
ഇതിന് പുറമെ മറ്റ് പല റെക്കോഡുകളും ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടം ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഒമ്പതാം ഇന്നിങ്‌സിലാണ് താരത്തിന്റെ ഐതിഹാസിക നേട്ടം പിറന്നത്.
ഇതിന് പുറമെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡും ജെയ്‌സ്വാള്‍ മറികടന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡാണ് ഇനി ജെയ്‌സ്വാളിന് മുമ്പിലുള്ളത്.
Content highlight: India vs England 5th Test: Yashasvi Jaiswal equals Rusi Modi’s historic record