|

അങ്ങനെ ജുറെലിനും സര്‍ഫറാസിനും ഒരു കോടിയുടെ കരാര്‍; ധവാനടക്കം പുറത്തായ കരാറിലേക്ക് ഇവരും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരം ധര്‍മശാലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ നാല് മത്സരം അവസാനിച്ചപ്പോള്‍ തന്നെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിലും വിജയിച്ച് പരമ്പരയില്‍ പൂര്‍ണ ആധിപത്യമുറപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള അഞ്ചാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും സര്‍ഫറാസ് ഖാനും ഇടം നേടിയിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മുതല്‍ ഇരുവരും ടീമിലെ സാന്നിധ്യമാണ്.

പരമ്പരയിലെ അഞ്ചാം മത്സരത്തിലും ടീമിന്റെ ഭാഗമായതോടെ ഇരുവരും കരിയറിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനാണ് ഇറങ്ങുന്നത്. മൂന്നാം ടെസ്റ്റില്‍ കളത്തിലിറങ്ങിയതിന് പിന്നാലെ ഇരുവരും ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. പ്രോ റാറ്റ അടിസ്ഥാനത്തിലാണ് ഇരുവരും കരാറിന്റെ ഭാഗമായിരിക്കുന്നത്.

നിര്‍ദേശിച്ചിരിക്കുന്ന കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റ് മത്സരമോ എട്ട് ഏകദിനമോ പത്ത് ടി-20യോ കളിച്ചവര്‍ക്കാണ് ഇത് ലഭിക്കുക. നേരത്തെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പ്രഖ്യാപിക്കുമ്പോള്‍ ഇരുവരും രണ്ട് മത്സരം മാത്രമായിരുന്നു കളിച്ചിരുന്നത്.

ഇപ്പോള്‍ അഞ്ചാം ടെസ്റ്റിലും കളത്തിലിറങ്ങിയതോടെ ജുറെലും സര്‍ഫറാസ് കാറ്റഗറി സി-യില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഒരു കോടിയുടെ വാര്‍ഷിക കരാറാണ് ഗ്രേഡ് സി കാറ്റഗറി താരങ്ങള്‍ക്ക് ലഭിക്കുക.

ബി.സി.സി.ഐ വാര്‍ഷിക കരാര്‍

ഗ്രേഡ് എ പ്ലസ് – ഏഴു കോടി രൂപയുടെ വാര്‍ഷിക കരാര്‍ (നാല് താരങ്ങള്‍)

വിരാട് കോഹ്‌ലി
രോഹിത് ശര്‍മ
ജസ്പ്രീത് ബുംറ
രവീന്ദ്ര ജഡേജ

ഗ്രേഡ് എ – അഞ്ച് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (ആറ് താരങ്ങള്‍)

ആര്‍. അശ്വിന്‍
മുഹമ്മദ് ഷമി
മുഹമ്മദ് സിറാജ്
കെ.എല്‍. രാഹുല്‍
ശുഭ്മന്‍ ഗില്‍
ഹര്‍ദിക് പാണ്ഡ്യ

ഗ്രേഡ് ബി – മൂന്ന് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (അഞ്ച് താരങ്ങള്‍)

സൂര്യകുമാര്‍ യാദവ്
റിഷബ് പന്ത്
കുല്‍ദീപ് യാദവ്
അക്‌സര്‍ പട്ടേല്‍
യശസ്വി ജയ്‌സ്വാള്‍

ഗ്രേഡ് സി – ഒരുകോടി രൂപയുടെ വാര്‍ഷിക കരാര്‍ (17 താരങ്ങള്‍)

റിങ്കു സിങ്
തിലക് വര്‍മ
ഋതുരാജ് ഗെയ്ക്വാദ്
ശിവം ദുബെ
രവി ബിഷ്‌ണോയ്
ജിതേഷ് ശര്‍മ
വാഷിങ്ടണ്‍ സുന്ദര്‍
സഞ്ജു സാംസണ്‍
അര്‍ഷ്ദീപ് സിങ്
കെ.എസ്. ഭരത്
പ്രസിദ്ധ് കൃഷ്ണ
ആവേശ് ഖാന്‍
രജത് പാടിദാര്‍
ഷര്‍ദുല്‍ താക്കൂര്‍
മുകേഷ് കുമാര്‍
ധ്രുവ് ജുറെല്‍
സര്‍ഫറാസ് ഖാന്‍

അതേസമയം, അഞ്ചാം മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അടക്കം നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ സന്ദര്‍ശകരെ കശക്കിയെറിഞ്ഞിരിക്കുകയാണ്.

ആദ്യ ദിവസം ചായക്ക് പിരിയുമ്പോള്‍ 194ന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്. 33 പന്തില്‍ എട്ട് റണ്‍സുമായി ബെന്‍ ഫോക്‌സും 16 പന്തില്‍ അഞ്ച് റണ്‍സുമായി ഷോയ്ബ് ബഷീറുമാണ് ക്രീസില്‍.

കുല്‍ദീപ് യാദവ് ഫൈഫറുമായി തിളങ്ങിയപ്പോള്‍ അശ്വിന്‍ രണ്ടും ജഡേജ അഞ്ച് വിക്കറ്റും സ്വന്തമാക്കി.

Content highlight: India vs England 5th Test; Sarfaraz Khan and Dhruv Jurel included in central contract