ഒരേയൊരു രാജാവ്; മറ്റെല്ലാ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരും ചേര്‍ന്ന് ആറ് സെഞ്ച്വറി, രോഹിത് ഒറ്റക്ക് ഏഴ്!!
Sports News
ഒരേയൊരു രാജാവ്; മറ്റെല്ലാ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരും ചേര്‍ന്ന് ആറ് സെഞ്ച്വറി, രോഹിത് ഒറ്റക്ക് ഏഴ്!!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2024, 8:44 pm

 

ഇന്ത്യ-ഇഗ്ലണ്ട് പരമ്പരയിലെ അഞ്ചാം മത്സരം ധര്‍മശാലയില്‍ നടക്കുകയാണ്. രണ്ടാം ദിവസമവസാനിക്കുമ്പോള്‍ 255 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. നിലവില്‍ 473 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇവര്‍ക്ക് പുറമെ അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍, യശശ്വി ജെയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ടീമിന് തുണയായി.

ഗില്‍ 150 പന്തില്‍ 110 റണ്‍സ് നേടി ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായി. 162 പന്തില്‍ 103 റണ്‍സാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്. പടിക്കല്‍ 103 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ യശസ്വി ജെയ്സ്വാള്‍ 58 പന്തില്‍ 57 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും ടോട്ടലിലേക്ക് സംഭാവന നല്‍കി.

അഞ്ചാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ പല റെക്കോഡുകളും രോഹിത് സ്വന്തമാക്കിയിരുന്നു. അതിലൊന്നാണ് 35 വയസിന് ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടം.

35 വയസിന് ശേഷം ഏഴാം തവണയാണ് രോഹിത് ടെസ്റ്റ് ഫോര്‍മാറ്റില്‍ നൂറടിക്കുന്നത്. 81 ഇന്നിങ്‌സില്‍ നിന്നുമാണ് രോഹിത്തിന്റെ ഈ നേട്ടം പിറവിയെുത്തത്.

ഇന്ത്യയുടെ മറ്റെല്ലാ ക്യാപ്റ്റന്‍മാരും ചേര്‍ന്ന് 219 ഇന്നിങ്‌സില്‍ നിന്നും ആറ് തവണ മാത്രമാണ് സെഞ്ച്വറി നേടിയതെന്ന് മനസിലാകുമ്പോഴാണ് രോഹത്തിന്റെ ഈ നേട്ടത്തിന്റെ റേഞ്ച് മനസിലാകുന്നത്.

35 വയസിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

രോഹിത് ശര്‍മ – ഏഴ് തവണ (81 ഇന്നിങ്‌സില്‍ നിന്നും)

മറ്റെല്ലാ ക്യാപ്റ്റന്‍മാരും – ആറ് തവണ (219 ഇന്നിങ്‌സില്‍ നിന്നും)

ഇതിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടവും രോഹിത് തന്റെ പേരിലെഴുതിച്ചേര്‍ത്തു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 9

ബാബര്‍ അസം – പാകിസ്ഥാന്‍ – 8

ദിമുത് കരുണരത്നെ – ശ്രീലങ്ക – 6

മായങ്ക് അഗര്‍വാള്‍ – ഇന്ത്യ – 4

വിരാട് കോഹ്‌ലി – ഇന്ത്യ – 4

ഏയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 4

അബ്ദുള്ള ഷഫീഖ് – പാകിസ്ഥാന്‍ – 4

ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 3-1 എന്ന ലീഡില്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ധര്‍മശാലയിലും വിജയിച്ച് വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ്.

 

Content Highlight: India vs England 5th Test: Rohit Sharma completed his 7th century after turning 35