| Friday, 8th March 2024, 5:27 pm

'പ്രായം എനിക്കൊരു പ്രശ്‌നമല്ല...' 400ന്റെ കരുത്ത്, ഏഷ്യന്‍ റെക്കോഡും ഇനി ഹിറ്റ്മാന്റെ പേരില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ധര്‍മശാലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.  രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 473ന് എട്ട് എന്ന നിലയിലാണ് ഇന്ത്യ. 255 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍, യശസ്വി ജെയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഗില്‍ 150 പന്തില്‍ 110 റണ്‍സ് നേടി ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായി. 162 പന്തില്‍ 103 റണ്‍സാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്. പടിക്കല്‍ 103 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ യശസ്വി ജെയ്‌സ്വാള്‍ 58 പന്തില്‍ 57 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും ടോട്ടലിലേക്ക് സംഭാവന നല്‍കി.

അഞ്ചാം ടെസ്റ്റിലെ മികച്ച ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 400+ റണ്‍സ് നേടുന്ന ഏറ്റവും പ്രായമേറിയ ഏഷ്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

36 വയസും പത്ത് മാസവും എട്ട് ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കുന്നത്.

പരമ്പരയില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമായി 400 റണ്‍സാണ് രോഹിത് നേടിയത്. 24, 39, 14, 13, 131, 19, 2, 55, 103 എന്നിങ്ങനെയാണ് രോഹിത് ഈ പരമ്പരയില്‍ സ്‌കോര്‍ ചെയ്തത്.

ഇതിന് പുറമെ മറ്റ് പല റെക്കോഡുകളും രോഹിത്തിന്റെ ഈ സെഞ്ച്വറിക്ക് പിന്നാലെ പിറവിയെടുത്തിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഡബ്ല്യൂ.ടി.സിയില്‍ രോഹിത്തിന്റെ ഒമ്പതാം സെഞ്ച്വറിയാണിത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 9

ബാബര്‍ അസം – പാകിസ്ഥാന്‍ – 8

ദിമുത് കരുണരത്‌നെ – ശ്രീലങ്ക – 6

മായങ്ക് അഗര്‍വാള്‍ – ഇന്ത്യ – 4

വിരാട് കോഹ്‌ലി – ഇന്ത്യ – 4

ഏയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 4

അബ്ദുള്ള ഷഫീഖ് – പാകിസ്ഥാന്‍ – 4

ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 3-1 എന്ന ലീഡില്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ധര്‍മശാലയിലും വിജയിച്ച് വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ്.

Content Highlight: India vs England 5th Test: Rohit Sharma becomes the oldest Asian captain to complete 400 runs in test series

We use cookies to give you the best possible experience. Learn more