| Thursday, 7th March 2024, 8:38 pm

അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസമെന്ന്; കരിയറിലെ ആദ്യ മത്സരത്തില്‍ തിളങ്ങി നൂറാം മത്സരം കളിച്ച ഏക താരം

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലെ നൂറാം മത്സരത്തിനാണ് ഇന്ത്യന്‍ ഇതിഹാസ താരം അശ്വിന്‍ ധര്‍മശാലയിലേക്കിറങ്ങിയത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റാണ് അശ്വിന്റെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരമായി അടയാളപ്പെടുത്തിയത്.

ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ 100 മത്സരം പൂര്‍ത്തിയാക്കുന്ന 14ാം താരം എന്ന നേട്ടവും ഇതോടെ അശ്വിന്റെ പേരില്‍ കുറിക്കപ്പെട്ടു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (200), രാഹുല്‍ ദ്രാവിഡ് (163), വി.വി.എസ് ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്സര്‍ക്കാര്‍ (116), സൗരവ് ഗാംഗുലി (113), വിരാട് കോഹ്‌ലി (113), ഇഷാന്ത് ശര്‍മ (105), ഹര്‍ഭജന്‍ സിങ് (103), ചേതേശ്വര്‍ പൂജാര (103), വിരേന്ദര്‍ സേവാഗ് (101) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഇന്ത്യക്കായി നൂറ് റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചത്.

നൂറാം മത്സരത്തില്‍ കളത്തിലിറങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കൊന്നും നേടാന്‍ സാധിക്കാത്ത ഒരു സുപ്രധാന നേട്ടം തന്റെ പേരില്‍ കുറിക്കാനും അശ്വിനായി.

കരിയറിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരം കളിക്കുന്ന ആദ്യ താരം എന്ന നേട്ടവും ആദ്യ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരം കളിക്കുന്ന ആദ്യ താരം എന്ന ഇരട്ട നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.

2011 നവംബര്‍ ആറിനാണ് അശ്വിന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് അശ്വിന്‍ ടെസ്റ്റ് ക്യാപ്പണിഞ്ഞത്.

ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നേടിയാണ് അശ്വിന്‍ തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 81 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ 47 റണ്‍സിന് ആറ് വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ ഡാരന്‍ ബ്രാവോ, മര്‍ലണ്‍ സാമുവല്‍സ്, രവി രാംപോള്‍ എന്നിവരെ മടക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ കെയ്‌റോണ്‍ പവല്‍, ഡാരന്‍ ബ്രാവോ, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, മര്‍ലണ്‍ സാമുവല്‍സ്, ക്യാപ്റ്റന്‍ ഡാരന്‍ സമ്മി, രവി രാംപോള്‍ എന്നിവരെയും പുറത്താക്കി.

അശ്വിന്റെ ബൗളിങ് കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചുികയറി. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും അശ്വിനെ തന്നെയായിരുന്നു.

അതേസമയം, അശ്വിനും കുപല്‍ദീപ് യാദവുമാണ് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സിലും ഇവരുടെ കുത്തില്‍ തന്നെയാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്.

Content highlight: India vs England 5th Test: R Ashwin achieves a unique record in 100 test

We use cookies to give you the best possible experience. Learn more