ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീണപ്പോള്‍ ഒപ്പം കൂടിയത് ടി-20യും ഏകദിനവും; ചരിത്രനേട്ടത്തില്‍ അഞ്ചാമന്‍ കുല്‍ദീപ് യാദവ്
Sports News
ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീണപ്പോള്‍ ഒപ്പം കൂടിയത് ടി-20യും ഏകദിനവും; ചരിത്രനേട്ടത്തില്‍ അഞ്ചാമന്‍ കുല്‍ദീപ് യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 3:24 pm

ഇംഗ്ലണ്ട് – ഇന്ത്യ പര്യടനത്തിലെ അഞ്ചാം മത്സരം ധര്‍മശാലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം ചായക്ക് പിന്നാലെ ഓള്‍ ഔട്ടായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 218 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അടക്കമുള്ള വമ്പന്‍ പേരുകാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ടിന് തുണയായത് ഓപ്പണര്‍ സാക്ക് ക്രോളിയുടെ അര്‍ധ സെഞ്ച്വറിയാണ്. 108 പന്തില്‍ 79 റണ്‍സ് നേടിയാണ് താരം പുറത്തായത്. 18 പന്തില്‍ 29 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത് മികച്ച സ്‌കോറര്‍.

ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ് ഫൈഫര്‍ നേടി. താരത്തിന്റെ ടെസ്റ്റ് കരിയറിലെ നാലാമത് അഞ്ച് വിക്കറ്റ് നേട്ടമാണിത്. തന്റെ 12ാം മത്സരത്തിലാണ് കുല്‍ദീപ് 50 വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ മറികടന്നത്. ഇതിന് പുറമെ എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗം 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടവും കുല്‍ദീപ് സ്വന്തമാക്കി.

 

ഒരു മെയ്ഡന്‍ അടക്കം 15 ഓവറില്‍ 72 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്. ഒല്ലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോ, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരെയാണ് കുല്‍ദീപ് പുറത്താക്കിയത്.

ഈ ഫൈഫര്‍ നേട്ടത്തിന് പിന്നാലെ തന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 51 ആക്കി ഉയര്‍ത്താനും ചൈനാമാന്‍ സ്പിന്നറിന് സാധിച്ചു.

ഇതിന് പുറമെ മറ്റൊരു നേട്ടവും യാദവ് സ്വന്തമാക്കി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരം എന്ന നേട്ടമാണ് കുല്‍ദീപ് യാദവ് സ്വന്തമാക്കിയത്. നേരത്തെ ഏകദിനത്തില്‍ 168 വിക്കറ്റ് നേടിയ യാദവ് ടി-20യില്‍ 59 വിക്കറ്റും തന്റെ പേരില്‍ കുറിച്ചിരുന്നു.

കുല്‍ദീപ് യാദവിന് പുറമെ ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍

ആര്‍. അശ്വിന്‍

ടെസ്റ്റ് – 511
ഏകദിനം – 156
ടി-20 – 72

രവീന്ദ്ര ജഡേജ

ടെസ്റ്റ് – 293
ഏകദിനം – 220
ടി-20 – 53

ജസ്പ്രീത് ബുംറ

ടെസ്റ്റ് – 157
ഏകദിനം – 149
ടി-20 – 74

ഭുവനേശ്വര്‍ കുമാര്‍

ടെസ്റ്റ് – 63
ഏകദിനം – 141
ടി-20 – 90

അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ഫോര്‍ഫറും നേടിയിരുന്നു. കരിയറിലെ നൂറാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് അശ്വിന്‍ ടീമിന്റെ നെടുംതൂണാകുന്നത്. ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് പറിച്ചെറിഞ്ഞത്.

 

Content highlight: India vs England 5th Test: Kuldeep Yadav complete 50 wickets in all format