| Thursday, 7th March 2024, 7:52 pm

'നീ വെച്ചോടാ.... എനിക്ക് 35 എണ്ണമുണ്ട്'; സുവനീര്‍ ആരെടുക്കണമെന്ന് കണ്‍ഫ്യൂഷന്‍, ഒടുവില്‍ അശ്വിന്‍ കുല്‍ദീപിനോട് പറഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഫൈഫര്‍ നേടിക്കൊണ്ടാണ് കുല്‍ദീപ് യാദവ് തിളങ്ങിയത്. കരിയറിലെ നാലാം ഫൈഫര്‍ നേട്ടമാണ് താരം ഇംഗ്ലണ്ടിനെതിരെ കുറിച്ചത്.

ഒരു മെയ്ഡന്‍ അടക്കം 15 ഓവറില്‍ 72 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്. ഒല്ലി പോപ്പ്, ജോണി ബെയര്‍സ്റ്റോ, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരെയാണ് കുല്‍ദീപ് പുറത്താക്കിയത്.

ഈ ഫൈഫര്‍ നേട്ടത്തിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ 50 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടാനും കുല്‍ദീപ് യാദവിന് സാധിച്ചിരുന്നു. ഇതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്.

കുല്‍ദീപിന് പുറമെ ഇതിഹാസ താരം ആര്‍. അശ്വിനും മത്സരത്തില്‍ തിളങ്ങിയിരുന്നു. കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിന് കളത്തിലിറങ്ങിയ അശ്വിന്‍ നാല് വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

ഇരുവരുടെയും തകര്‍പ്പന്‍ ബൗളിങ്ങിന് പിന്നാലെ ഇംഗ്ലണ്ട് 218ന് ഓള്‍ ഔട്ടായി.

ഇംഗ്ലണ്ട് ഇന്നിങ്‌സിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ അശ്വിനും കുല്‍ദീപും തമ്മിലുള്ള ഇന്ററാക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരത്തില്‍ ഉപയോഗിച്ച പന്ത് നൂറാം മത്സരത്തിന്റെ സുവനീറായി സൂക്ഷിക്കാന്‍ കുല്‍ദീപ് അശ്വിന് നല്‍കിയപ്പോള്‍ അശ്വിന്‍ അത് കുല്‍ദീപിന് തിരികെ നല്‍കുകയായിരുന്നു.

എന്നാല്‍ വീണ്ടും കുല്‍ദീപ് അശ്വിന് തന്നെ പന്ത് കൈമാറിയെങ്കിലും താരം അത് വീണ്ടും കുല്‍ദീപിന് തന്നെ നല്‍കി. ഇതിനിടെ മുഹമ്മദ് സിറാജെത്തി പന്ത് അശ്വിന് തന്നെ നല്‍കാന്‍ ശ്രമിച്ചെങ്കിലും സീനിയര്‍ താരം അത് തന്റെ ‘പിന്‍ഗാമിക്ക്’ തിരികെ നല്‍കുകയായിരുന്നു.

ആ പന്ത് ഉയര്‍ത്തി, കാണികളെ അഭിവാദ്യം ചെയ്താണ് കുല്‍ദീപ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.

ഇപ്പോള്‍ ആ പന്ത് നല്‍കിയപ്പോള്‍ അശ്വിന്‍ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കുല്‍ദീപ്.

‘ആഷ് ഭായ് വളരെ ദയയും എളിമയുമുള്ള താരമാണ്. അദ്ദേഹം വളരെ മികച്ച താരമാണ്. തനിക്ക് 35 ഫൈഫര്‍ നേട്ടമുണ്ടെന്നും, ഈ പന്ത് എന്നോട് കൈവശം വെക്കാനുമാണ് അദ്ദഹം പറഞ്ഞത്,’ ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് പറഞ്ഞു.

അതേസമയം, അദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 135ന് ഒന്ന് എന്ന നിലയിലാണ്. യശസ്വി ജെയ്‌സ്വാളിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ ആദ്യ ദിനം തിരിച്ചടിച്ചത്.

ജെയ്‌സ്വാള്‍ 58 പന്തില്‍ 57 റണ്‍സ് നേടി പുറത്തായപ്പോള്‍ 83 പന്തില്‍ 52 റണ്‍സ് നേടിയാണ് രോഹിത് ക്രീസില്‍ തുടരുന്നത്. 39 പന്തില്‍ 26 റണ്‍സുമായി ശുഭ്മന്‍ ഗില്ലാണ് രോഹിത്തിനൊപ്പം കളത്തിലുള്ളത്.

Content Highlight: India vs England 5th Test: Kuldeep Yadav about R Ashwin’s words

We use cookies to give you the best possible experience. Learn more