| Friday, 23rd February 2024, 6:14 pm

ഏഴ് വിക്കറ്റ് സ്വന്തമായുള്ളവനാ, ഒപ്പം ഐ.പി.എല്ലില്‍ നാണക്കേടിന്റെ റെക്കോഡും; അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ഓവറല്ല ഇത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റ് റാഞ്ചിയില്‍ തുടരുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 2-1ന് മുമ്പില്‍ നില്‍ക്കുന്ന ഇന്ത്യക്ക് റാഞ്ചി ടെസ്റ്റ് സ്വന്തമാക്കിയാല്‍ പരമ്പരയും വിജയിക്കാം.

മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 302ന് ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്. 226 പന്തില്‍ 106 റണ്‍സുമായി ജോ റൂട്ടും 60 പന്തില്‍ 31 റണ്‍സുമായി ഒലി റോബിന്‍സണുമാണ് ക്രീസില്‍.

ആദ്യം ദിവസം 90 ഓവറും ഇന്ത്യ പന്തെറിഞ്ഞിരുന്നു. ആദ്യ ദിവസത്തെ അവസാന ഓവര്‍ പന്തെറിയാനെത്തിയത് യുവതാരം യശസ്വി ജെയ്‌സ്വാളായിരുന്നു. ഒരു ബൗണ്ടറിയടക്കം ആറ് റണ്‍സാണ് ലെഗ്‌ബ്രേക്കര്‍ വിട്ടുനല്‍കിയത്.

ജെയ്‌സ്വാള്‍ ഇംഗ്ലണ്ടിനെതിരെ പന്തെറിഞ്ഞതോടെ താരത്തിന്റെ ബൗളിങ് സ്റ്റാറ്റുകള്‍ ചര്‍ച്ചയാവുകയാണ്.

അന്താരാഷ്ട്ര മത്സരത്തില്‍ ഒറ്റ ഓവര്‍ മാത്രമാണ് ജെയ്‌സ്വാള്‍ എറിഞ്ഞിട്ടുള്ളതെങ്കിലും ആഭ്യന്തര തലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ പലപ്പോഴായി പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് നടന്നടുക്കുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഒരു ടി-20 മാച്ചില്‍ ജെയ്‌സ്വാള്‍ പന്തെറിഞ്ഞിട്ടുണ്ട്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അന്താരാഷ്ട്ര തലത്തില്‍ പന്തുമായി അരങ്ങേറ്റം നടത്തിയത്. ഓവറില്‍ 11 റണ്‍സ് താരം വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചതുമില്ല.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നുമായി എട്ട് ഓവര്‍ ജെയ്‌സ്വാള്‍ എറിഞ്ഞിട്ടുണ്ട്. 28 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല.

ലിസ്റ്റ് എ ഫോര്‍മാറ്റിലാണ് ജെയ്‌സ്വാള്‍ പന്തുകൊണ്ട് നേട്ടമുണ്ടാക്കിയത്. 13 മത്സരത്തില്‍ നിന്നും 47.5 ഓവറാണ് താരം എറിഞ്ഞത്. 257 റണ്‍സ് വഴങ്ങിയപ്പോള്‍ ഏഴ് വിക്കറ്റും ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചു. 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

സയ്യദ് മുഷ്താഖ് അലി ട്രോഫി, ഐ.പി.എല്‍ അടക്കമുള്ള ടി-20 ടൂര്‍ണമെന്റുകളില്‍ നിന്നുമായി 3.1 ഓവറാണ് ജെയ്‌സ്വാള്‍ പന്തെറിഞ്ഞത്. ഇതില്‍ നിന്നും 41 റണ്‍സും വഴങ്ങി.

ഐ.പി.എല്ലില്‍ ഒരു പന്ത് മാത്രമാണ് ജെയ്‌സ്വാള്‍ എറിഞ്ഞത്. 2022ല്‍ രാജസ്ഥാന് വേണ്ടി കളിക്കുമ്പോഴാണ് ജെയ്‌സ്വാള്‍ ഐ.പി.എല്ലിലും പന്തെടുത്തത്. എന്നാല്‍ ആ പന്താകട്ടെ സിക്‌സറിന് പറക്കുകയും ചെയ്തു. നിലവില്‍ ജെയ്‌സ്വാളിന്റെ ഐ.പി.എല്ലിലെ എക്കോണമി 36 ആണ്. മറ്റൊര്‍ക്കും തന്നെ ടൂര്‍ണമെന്റില്‍ ഈ എക്കോണമി ഇല്ല.

Content highlight: India vs England 4th Test: Yashasvi Jaiswal’s bowling stats

We use cookies to give you the best possible experience. Learn more