അഭിമാനത്തോടെ പടിയിറങ്ങൂ വിരാട്, തോല്‍ക്കേണ്ടി വരുന്നത് നിങ്ങളുടെ യഥാര്‍ത്ഥ പിന്‍ഗാമിയോടാണ്; ഇതിഹാസവും വീഴുമോ?
Sports News
അഭിമാനത്തോടെ പടിയിറങ്ങൂ വിരാട്, തോല്‍ക്കേണ്ടി വരുന്നത് നിങ്ങളുടെ യഥാര്‍ത്ഥ പിന്‍ഗാമിയോടാണ്; ഇതിഹാസവും വീഴുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th February 2024, 1:10 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡിനൊപ്പമെത്തി യശസ്വി ജെയ്‌സ്വാള്‍. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സ് നേടിയതിന് പിന്നാലെയാണ് ജെയ്‌സ്വാള്‍ വിരാടിനൊപ്പമെത്തിയത്.

ഒരു ഹോം ടെസ്റ്റ് സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയാണ് ജെയ്‌സ്വാള്‍ കയ്യടി നേടിയത്. പരമ്പരയില്‍ ഇനിയും ഒരു മത്സരം ശേഷിക്കുന്നതിനാല്‍ വിരാടിന്റെ റെക്കോഡ് ജെയ്‌സ്വാള്‍ അനായാസം മറികടക്കുമെന്നുറപ്പാണ്.

പരമ്പരയിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നുമായി രണ്ട് ഇരട്ട സെഞ്ച്വറികളടക്കം നിലവില്‍ 655 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. പരമ്പരയില്‍ ഇനിയും രണ്ട് ഇന്നിങ്‌സുകള്‍ ജെയ്‌സ്വാളിന് മുമ്പില്‍ അവശേഷിക്കുന്നുണ്ട്.

2016ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് വിരാട് കോഹ്‌ലി റെക്കോഡ് നേട്ടം സ്വന്തമാക്കിയിത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 109.16 ശരാശരിയിലാണ് വിരാട് 655 റണ്‍സ് നേടിയത്.

235 റണ്‍സാണ് പരമ്പരയില്‍ വിരാടിന്റെ ഉയര്‍ന്ന സ്‌കോര്‍. പരമ്പരയില്‍ 4-0ന് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടിരുന്നു.

 

ഹോം ടെസ്റ്റ് സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സുനില്‍ ഗവാസ്‌കര്‍ – വെസ്റ്റ് ഇന്‍ഡീസ് – 732 – 1978

യശസ്വി ജെയ്‌സ്വാള്‍ – ഇംഗ്ലണ്ട് – 655* – 2024

വിരാട് കോഹ്‌ലി – ഇംഗ്ലണ്ട് – 655 – 2016

വിരാട് കോഹ്‌ലി – ശ്രീലങ്ക – 610 – 2017

സഞ്ജയ് മഞ്ജരേക്കര്‍ – ഇംഗ്ലണ്ട് – 568 – 1961

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡും ജെയ്‌സ്വാളിന് മുമ്പില്‍ തകര്‍ന്നുവീഴാന്‍ സാധ്യതകളേറെയാണ്. അതിന് അഞ്ചാം ടെസ്റ്റില്‍ ജെയ്‌സ്വാളിന് വേണ്ടത് വെറും 77 റണ്‍സാണ്.

77 റണ്‍സ് കൂട്ടിച്ചേര്‍ത്താല്‍ ജെയ്‌സ്വാളിന് ഗവാസ്‌കറിന്റെ റെക്കോഡിനൊപ്പമെത്താനും മറ്റൊരു റണ്‍സ് കൂടി കണ്ടെത്തിയാല്‍ ഇന്ത്യന്‍ ഇതിഹാസ താരത്തെ മറികടക്കാനും സാധിക്കും.

അതേസമയം, നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. രോഹിത് ശര്‍മയുടെ വിക്കറ്റിന് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ഇന്ത്യ അനായാസ ജയത്തില്‍ നിന്നും സമ്മര്‍ദത്തിലേക്ക് വീണിരിക്കുന്നത്.

നിലവില്‍ 48 ഓവര്‍ പിന്നിടുമ്പോള്‍ 148ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 83 പന്തില്‍ 27 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 40 പന്തില്‍ 20 റണ്‍സുമായി ധ്രുവ് ജുറെലുമാണ് ക്രീസില്‍.

 

Content highlight: India vs England 4th Test, Yashasvi Jaiswal equals Virat Kohli’s historic record