ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റ് റാഞ്ചിയില്‍ തുടരുകയാണ്. രണ്ടാം ദിവസത്തിന്റെ ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ടിലേക്ക് വീണത്.
അര്‍ധ സെഞ്ച്വറി നേടിയ ഒല്ലി റോബിന്‍സണെ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് ജഡേജ പുറത്താക്കിയതിന് പിന്നാലെ യുവതാരം ഷോയ്ബ് ബഷീറാണ് ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത്.
എന്നാല്‍ സ്‌കോര്‍ ബോര്‍ഡിനെ അധികം ബുദ്ധിമുട്ടിക്കാതെ ബഷീര്‍ വന്നതുപോലെ തിരികെ നടക്കുകയായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ രജത് പാടിദാറിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
രണ്ട് മിനിട്ട് തികച്ച് ക്രീസില്‍ തുടര്‍ന്നില്ലെങ്കിലും ഏറെ നേരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാനുള്ള വക ഇട്ടുകൊടുത്താണ് താരം പുറത്തായത്. മത്സരത്തിനിടെ സര്‍ഫറാസ് ഖാനോട് ഹിന്ദിയില്‍ സംസാരിച്ചാണ് ബഷീര്‍ താരത്തെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചത്.
സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് ടീം അംഗങ്ങളോട് ബഷീറിനെ കുറിച്ച് സംസാരിച്ചതിനുള്ള മറുപടിയായാണ് ഇംഗ്ലണ്ട് സ്പിന്നര്‍ തനിക്കും ഹിന്ദി അറിയാമെന്ന സര്‍ഫറാസിനോട് പറഞ്ഞത്.
‘അരേ യാര്‍, ഇസേ പതാ ഹേ കുച്ച് കൈസാ ഖേല്‍നാ ഹൈ? ഇസേ ഹിന്ദി നഹി ആതി ഹേ, ബഡിയാ ചലോ’ (ഇവന് കളിക്കാന്‍ അറിയുമോ? ഹിന്ദിയും അറിയില്ല, കം ഓണ്‍ ഗയ്‌സ്) എന്നാണ് സര്‍ഫറാസ് പറഞ്ഞത്.
ഇതിന് മറുപടിയായി ‘തോഡി തോഡി ആതി ഹേ’ (കുറച്ച് കുറച്ച് അറിയാം) എന്നായിരുന്നു പാകിസ്ഥാനില്‍ വേരുകളുള്ള ബഷീറിന്റെ മറുപടി.
സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.
അതേസമയം, ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 131ന് നാല് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യന്‍ നായകനെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മടക്കിയപ്പോള്‍ ഷോയ്ബ് ബഷീറാണ് മറ്റ് മൂന്ന് പേരെയും പുറത്താക്കിയത്.
96 പന്തില്‍ 54 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും ഒരു പന്തില്‍ ഒരു റണ്ണുമായി സര്‍ഫറാസ് ഖാനുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 353ന് ഓള്‍ ഔട്ടായിരുന്നു. ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രണ്ട് നിര്‍ണായക കൂട്ടുകെട്ടിലൂടെ റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്സിനൊപ്പവും എട്ടാം വിക്കറ്റില്‍ ഒല്ലി റോബിന്‍സണൊപ്പവും രണ്ട് സെഞ്ച്വറി കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്.
റൂട്ടിന് പുറമെ ഒല്ലി റോബിന്‍സണ്‍ (96 പന്തില്‍ 58), ബെന്‍ ഫോക്സ് (126 പന്തില്‍ 47), സാക്ക് ക്രോളി (42 പന്തില്‍ 42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് റണ്‍ വേട്ടക്കാര്‍.
ഇന്ത്യക്കായി ജഡേജ നാല് വിക്കറ്റ് നേടിയപ്പോള്‍ ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി. അശ്വിനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content highlight: India vs England 4th Test: Shoaib Bashir talks Hindi to Sarfaraz Khan