| Tuesday, 20th February 2024, 10:04 pm

റാഞ്ചിയിലെ രണ്ട് മത്സരത്തില്‍ പിറന്നത് രണ്ട് ഡബിള്‍ സെഞ്ച്വറിയും നാല് സെഞ്ച്വറിയും; തോല്‍വിയറിയിക്കാതെ താങ്ങായി നിന്നവര്‍ ഇന്ന് പുറത്ത്

ആദര്‍ശ് എം.കെ.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിന് കളമൊരുങ്ങുകയാണ്. റാഞ്ചിയിലെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സാണ് വേദി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ധര്‍മശാല ടെസ്റ്റിന് മുമ്പ് തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

റാഞ്ചിയില്‍ ഇതിന് മുമ്പ് രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ ഒന്നില്‍പ്പോലും ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നിട്ടില്ല. ഒരു മത്സരത്തില്‍ ഇന്നിങ്‌സിനും 202 റണ്‍സിനും വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ സമനിലയും നേടി.

2017ലാണ് ഇന്ത്യ റാഞ്ചിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിനാണ് റാഞ്ചി വേദിയായത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ ഒപ്പമെത്തി. ശേഷമാണ് ഇന്ത്യയും ഓസീസും റാഞ്ചിയില്‍ കൊമ്പുകോര്‍ത്തത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും സെഞ്ച്വറി കരുത്തില്‍ 451 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി.

സ്മിത് 361 പന്തില്‍ 178 റണ്‍സടിച്ചപ്പോള്‍ 185 പന്തില്‍ 104 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്.

ഇരുവരുടെയും സെഞ്ച്വറിക്ക് ഇന്ത്യ മറുപടി നല്‍കിയത് ചേതേശ്വര്‍ പൂജാരയുടെ ഇരട്ട സെഞ്ച്വറിയിലൂടെയാണ്. രാഹുലും മുരളി വിജയ്‌യും ചേര്‍ന്ന് അടിത്തറയിട്ട സ്‌കോര്‍ പൂജാര പടുത്തുയര്‍ത്തുകയായിരുന്നു.

525 പന്ത് നേരിട്ട താരം 21 ബൗണ്ടറിയുടെ അകമ്പടി 202 റണ്‍സാണ് നേടിയത്.

പൂജാരക്ക് മികച്ച പിന്തുണയുമായി വൃദ്ധിമാന്‍ സാഹയും തകര്‍ത്തടിച്ചു. 233 പന്തില്‍ 117 റണ്‍സാണ് താരം നേടിയത്. ഇതിന് പുറമെ മുരളി വിജയ്, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമായപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 603 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ലീഡ് വഴങ്ങിയ ഓസീസ് സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു. പൂജാരയാണ് മത്സരത്തിലെ താരം.

സ്‌കോര്‍

ഓസ്‌ട്രേലിയ – 451 & 204/6

ഇന്ത്യ – 603/9d

പരമ്പരയില്‍ ഇന്ത്യ 2-1ന് വിജയം സ്വന്തമാക്കുകയും ചെയ്തു.

ഇതിന് ശേഷം, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2019ലാണ് ഇന്ത്യ മറ്റൊരു ടെസ്റ്റിനായി റാഞ്ചിയിലെത്തിയത്. സന്ദര്‍ശകരായെത്തിയതാകട്ടെ ഫാഫിന്റെ സൗത്ത് ആഫ്രിക്കയും.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുത്തു.

സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മായങ്ക് അഗര്‍വാളിനെ നഷ്ടപ്പെട്ട ഇന്ത്യക്ക് 16ലെത്തിയപ്പോഴേക്കും പൂജാരയെയും നഷ്ടമായി. 39ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി വിരാടും പുറത്തായതോടെ ഇന്ത്യ അപകടം മണത്തു.

എന്നാല്‍ നാലാം വിക്കറ്റില്‍ രോഹിത്തിനൊപ്പം അജിന്‍ക്യ രഹാനയെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വെച്ചു. ടീം സ്‌കോര്‍ 39ല്‍ ആരംഭിച്ച ഇരുവരുടെയും ചെറുത്തുനില്‍പ് അവസാനിക്കുന്നത് 306ല്‍ നില്‍ക്കവെ രഹാനെയുടെ വിക്കറ്റോടെയാണ്. 370ല്‍ നില്‍ക്കവെ രോഹിത്തും മടങ്ങി.

രഹാനെ 192 പന്തില്‍ 115 റണ്‍സടിച്ചപ്പോള്‍ രോഹിത് 255 പന്തില്‍ 212 റണ്‍സും നേടി. 119 പന്തില്‍ 51 റണ്‍സടിച്ച ജഡേജയും പത്ത് പന്തില്‍ 31 റണ്‍സ് നേടിയ ഉമേഷ് യാദവും തകര്‍ത്തടിച്ചതോടെ ഇന്ത്യ ഒമ്പത് വിക്കറ്റിന് 497 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

സൗത്ത് ആഫ്രിക്ക ബാറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ താണ്ഡവമാണ് റാഞ്ചിയില്‍ കണ്ടത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, ഷഹബാസ് നദീം, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

ഒടുവില്‍ വെറും 162 റണ്‍സിന് പ്രോട്ടിയാസ് ഓള്‍ ഔട്ടായി. 62 റണ്‍സ് നേടിയ സുബൈര്‍ ഹംസയാണ് ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സും ബാറ്റിങ് ആരംഭിച്ച സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍മാരെ ഇന്ത്യ വീണ്ടും നിര്‍ദയം അരിഞ്ഞിട്ടു. ഷമി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷഹബാസ് നദീം, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജഡേജ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഒടുവില്‍ 133 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക നിലം പൊത്തിയത്.

മത്സരത്തില്‍ ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. രോഹിത് ശര്‍മയായിരുന്നു കളിയിലെ താരം.

സ്‌കോര്‍

ഇന്ത്യ – 497/9 d

സൗത്ത് ആഫ്രിക്ക -(f/o) 162 & 133

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വീണ്ടും മറ്റൊരു ടെസ്റ്റിനായി റാഞ്ചിയിലേക്കിറങ്ങുകയാണ്. ഫെബ്രുവരി 23നാണ് മത്സരം.

Content highlight: India vs England, 4th test: Previous performance of team India in Ranchi

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more