| Friday, 23rd February 2024, 4:39 pm

ബാസ്‌ബോള്‍ യുഗത്തില്‍ പക്കാ ടെസ്റ്റ് കളിച്ച് റൂട്ടിന്റെ തിരിച്ചടി; ഇന്ത്യക്കെതിരെ ഒരുത്തനുമില്ലാത്ത ഐതിഹാസിക നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റ് റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം കോംപ്ലക്‌സില്‍ തുടരുകയാണ്. സൂപ്പര്‍ താരം ജോ റൂട്ടിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്.

മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ജോ റൂട്ട് ഇംഗ്ലണ്ട് നിരയില്‍ നിര്‍ണായകമായത്. പ്രതീക്ഷ വെച്ചു പുലര്‍ത്തിയ മറ്റ് ബാറ്റര്‍മാര്‍ മങ്ങിയപ്പോഴാണ് തന്റെ തനതായ ശൈലിയില്‍ റൂട്ട് ബാറ്റ് വീശിയത്.

ബാസ്‌ബോളിന് പകരം പക്കാ ക്ലാസിക് ടെസ്റ്റ് ഇന്നിങ്‌സ് കളിച്ചാണ് റൂട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നേരിട്ട 219ാം പന്തില്‍ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിനെതിരെ ബൗണ്ടറി നേടിയാണ് റൂട്ട് റെഡ് ബോള്‍ ഫോര്‍മാറ്റിലെ തന്റെ 31ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റൂട്ടിനെ തേടിയെത്തിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്.

ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 10*

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 9

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 8

ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 8

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 8

ഇതോടെ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ പത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡും റൂട്ട് തന്റെ പേരില്‍ കുറിച്ചു.

ഫാബ് ഫോറില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാമതാണ് റൂട്ട്. കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും ഒന്നാം സ്ഥാനം പങ്കിടുകയാണ്.

കെയ്ന്‍ വില്യംസണ്‍ – 32

സ്റ്റീവ് സ്മിത് – 32

ജോ റൂട്ട് – 31

വിരാട് കോഹ്‌ലി – 29

പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും റൂട്ട് പരാജയമായിരുന്നു. ആറ് ഇന്നിങ്‌സില്‍ ഒരിക്കല്‍പ്പോലും 30+ സ്‌കോര്‍ കണ്ടെത്താന്‍ റൂട്ടിന് സാധിച്ചിരുന്നില്ല. 29 (60), 2 (6), 5 (10), 16 (10), 18 (31), 7 (40) എന്നിങ്ങനെയായിരുന്നു ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റിലെ റൂട്ടിന്റെ പ്രകടനം.

എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ തന്റെ ക്ലാസിക് പ്രകടനം വീണ്ടും പുറത്തെടുത്താണ് റൂട്ട് ഇംഗ്ലണ്ടിന് തുണയായത്.

അതേസമയം, ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 302ന് ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 226 പന്തില്‍ നിന്നും 106 റണ്‍സുമായി റൂട്ടും 60 പന്തില്‍ 31 റണ്‍സുമായി ഒല്ലി റോബിന്‍സണുമാണ് ക്രീസില്‍.

Content Highlight: India vs England 4th Test: Joe Root becomes the first ever player to score 10 test centuries against India

We use cookies to give you the best possible experience. Learn more