| Friday, 23rd February 2024, 4:07 pm

ബാസ്‌ബോളിന് പേരുദോഷമുണ്ടാക്കിയ കൂട്ടുകെട്ട്; സമ്മര്‍ദ ഘട്ടത്തില്‍ ടീമിനെ കാത്തിട്ടും നാണക്കേടിന്റെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ പാടുപെടുകയാണ്. ആദ്യ സെഷനില്‍ ഇഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയപ്പോള്‍ രണ്ടാം സെഷനില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി.

ആറാം വിക്കറ്റില്‍ ജോ റൂട്ടും ബെന്‍ ഫോക്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതുവരെ ഇംഗ്ലണ്ട് നിരയില്‍ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പ്. ആദ്യ ദിനത്തിലെ ഏക 100+ കൂട്ടുകെട്ടും ഇതുമാത്രമാണ്.

ടീം സ്‌കോര്‍ 112ല്‍ ഒന്നിച്ച റൂട്ട് – ഫോക്‌സ് പാര്‍ട്ണര്‍ഷിപ്പ് അവസാനിക്കുന്നത് 225ലാണ്. 68ാം ഓവറിലെ നാലാം പന്തില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്. 126 പന്തില്‍ 47 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ഫോക്‌സിന്റെ പേരിലുണ്ടായിരുന്നത്.

സമ്മര്‍ദ ഘട്ടത്തില്‍ ടീമിന് താങ്ങായിട്ടും ഒരു മോശം റെക്കോഡ് ഈ കൂട്ടുകെട്ടിനെ തേടിയെത്തിയിരിക്കുകയാണ്. ബാസ്‌ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട് കളിക്കാന്‍ ആരംഭിച്ചതിന് ശേഷമുള്ള ഒരു കൂട്ടുകെട്ടിന്റെ മോശം റണ്‍ റേറ്റ് (മിനിമം 15 ഓവര്‍) എന്ന അനാവശ്യ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

ബാസ്‌ബോള്‍ ശൈലിക്ക് ശേഷം ഒരു കൂട്ടുകെട്ടിന്റെ മോശം റണ്‍ റേറ്റ് (മിനിമം 15 ഓവര്‍)

(കൂട്ടുകെട്ട് – എതിരാളികള്‍ – റണ്‍സ് – റണ്‍ റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

ജോ റൂട്ട്-ബെന്‍ ഫോക്‌സ് – ഇന്ത്യ – 113 – 2.60 – 202

മോയിന്‍ അലി-ബെന്‍ സ്‌റ്റോക്‌സ് – ഓസ്‌ട്രേലിയ – 44 – 2.90 – 2023

ജോ റൂട്ട്-ബെന്‍ സ്‌റ്റോക്‌സ് – ന്യൂസിലാന്‍ഡ് – 90 – 3.0 – 2022

ബെന്‍ ഫോക്‌സ്-ബെന്‍ സ്‌റ്റോക്‌സ് – സൗത്ത് ആഫ്രിക്ക – 173 – 3.2 – 2022

ജോ റൂട്ട്-ബെന്‍ സ്‌റ്റോക്‌സ് – ന്യൂസിലാന്‍ഡ് – 121 – 3.4 – 2023

മത്സരത്തിന്റെ ആദ്യ സെഷനില്‍ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിലൂടെയാണ് ഇന്ത്യ കളിയില്‍ മേധാവിത്തം സ്ഥാപിച്ചത്. മൂന്ന് വിക്കറ്റുകളുമായാണ് താരം തിളങ്ങിയത്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി എന്നിവര്‍ക്കൊപ്പം ഒലി പോപ്പിനെയും മടക്കിയാണ് താരം അരങ്ങേറ്റം ഗംഭീരമാക്കിയത്.

സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജഡേജയും അശ്വിനും ഓരോ വിക്കറ്റും നേടി.

നിലവില്‍ 80 ഓവര്‍ പിന്നിടുമ്പോള്‍ 260ന് ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 206 പന്തില്‍ 89 റണ്‍സുമായി ജോ റൂട്ടും 19 പന്തില്‍ എട്ട് റണ്‍സുമായി ടോം ഹാര്‍ട്‌ലിയുമാണ് ക്രീസില്‍.

Content highlight: India vs England 4th Test, Joe Root and Ben Foakes created an unwanted record

We use cookies to give you the best possible experience. Learn more