| Monday, 26th February 2024, 10:49 am

ബാക്കിയുള്ളവര്‍ വിരമിച്ച് വീട്ടിലിരിക്കുന്ന നേരത്താണ് 41ാം വയസില്‍ ടീം തോല്‍ക്കാതിരിക്കാന്‍ ഈ മനുഷ്യന്റെ കമ്മിറ്റ്‌മെന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ ആദ്യമായി നഷ്ടമായത്.

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജോ റൂട്ടിന്റെ പന്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണ് ക്യാച്ച് നല്‍കിയാണ് ജെയ്‌സ്വാള്‍ പുറത്തായത്. 44 പന്തില്‍ 37 റണ്‍സാണ് പുറത്താകുമ്പോള്‍ ജെയ്‌സ്വാളിന്റെ പേരിലുണ്ടായിരുന്നത്.

ജെയ്‌സ്വാളിനെ പുറത്താക്കാന്‍ ആന്‍ഡേഴ്‌സണ്‍ കൈപ്പിടിയിലൊതുക്കിയ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

ബൗളിങ് ചെയ്ഞ്ചില്‍ റൂട്ടിനെ കളത്തിലിറക്കിയ സ്റ്റോക്‌സിന്റെ തീരുമാനത്തിനനുസരിച്ച് ഇംഗ്ലണ്ട് ഒരുക്കിയെ കെണിയില്‍ ജെയ്‌സ്വാള്‍ വീഴുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ആഞ്ഞടിക്കാനായിരുന്നു ജെയ്‌സ്വാളിന്റെ തീരുമാനം. റൂട്ടും സ്റ്റോക്‌സും കണക്കുകൂട്ടിയതും ഇതുതന്നെയായിരുന്നു.

ഔട്ട് സൈഡ് എഡ്ജായി ഉയര്‍ന്ന പന്ത് ആന്‍ഡേഴ്‌സണ്‍ തകര്‍പ്പന്‍ ഡൈവിലൂടെ കൈപ്പിടിയിലൊതുക്കുകയും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ക്ക് പവലിയനിലേക്കുള്ള വഴിയൊരുക്കുകയുമായിരുന്നു.

ആന്‍ഡേഴ്‌സണിന്റെ തകര്‍പ്പന്‍ ക്യാച്ച് എന്നതിലുപരി 41ാം വയസില്‍ ആന്‍ഡേഴ്‌സണ്‍ കൈപ്പിടിയിലൊതുക്കിയ ക്യാച്ച് എന്നതാണ് ഈ മൊമെന്റിനെ ഏറെ സ്‌പെഷ്യലാക്കുന്നത്.

തനിക്കൊപ്പവും തനിക്ക് ശേഷവും കളത്തിലെത്തിയ പലരും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും ക്രീസില്‍ തുടരുന്ന ആന്‍ഡേഴ്‌സണ്‍ രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം അരങ്ങേറ്റം കുറിച്ചപ്പോള്‍ പന്തെറിഞ്ഞ അതേ തീവ്രതയില്‍ തന്നെയാണ് ഇപ്പോഴും ബാറ്റര്‍മാരെ തന്റെ പേസിലൂടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

ഈ മാച്ചില്‍ പലപ്പോഴായി താരം നടത്തിയ ഫീല്‍ഡിങ് പ്രകടനങ്ങളും ഏറെ കയ്യടി നേടിയിരുന്നു.

അതേസമയം, നാലാം ദിവസം ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 93ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. 71 പന്തില്‍ 52 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 17 പന്തില്‍ നാല് റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡുമായി കളത്തിലിറങ്ങിയ ത്രീ ലയണ്‍സിനെ ഇന്ത്യന്‍ സ്പിന്‍ നിര ഒരു ദാക്ഷിണ്യവുമില്ലാതെ എറിഞ്ഞിടുകയായിരുന്നു. അശ്വിന്‍ അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞാടിയപ്പോള്‍ നാല് വിക്കറ്റുമായി കുല്‍ദീപ് യാദവ് തന്റെ റോള്‍ ഗംഭീരമാക്കി. ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ബെന്‍ ഡക്കറ്റ് , ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ ഫോക്സ്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ സാക്ക് ക്രോളി, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സണ്‍ എന്നിവരെ യാദവും പുറത്താക്കി. ജഡേജയാണ് ജോണി ബയര്‍സ്റ്റോയെ പുറത്താക്കിയത്.

Content Highlight: India vs England 4th Test; James Anderson’s brilliant catch to dismiss Yashasvi Jaiswal

We use cookies to give you the best possible experience. Learn more