Sports News
റൂട്ടിനെ ബഹുമാനിച്ച് മറുവശത്തെ ആക്രമിച്ച ഗെയിം പ്ലാന്‍; ജഡേജ മാജിക്കില്‍ ഇംഗ്ലണ്ട് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 24, 05:40 am
Saturday, 24th February 2024, 11:10 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചു. റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ 353 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മോശമല്ലാത്ത സ്‌കോര്‍ നേടിയത്. വന്‍ തകര്‍ച്ചയില്‍ നിന്നും രണ്ട് നിര്‍ണായക കൂട്ടുകെട്ടിലൂടെ റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സിനൊപ്പവും എട്ടാം വിക്കറ്റില്‍ ഒല്ലി റോബിന്‍സണൊപ്പവും രണ്ട് സെഞ്ച്വറി കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്.

ആദ്യ ദിനം അവസാനിക്കുന്നതിന് മുമ്പ് തന്നെ റൂട്ട് ടെസ്റ്റിലെ 31ാം സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയിരുന്നു.

ടീം സ്‌കോര്‍ 57ല്‍ നില്‍ക്കവെ ക്രീസിലെത്തിയ താരം ടീം ഓള്‍ ഔട്ടായപ്പോഴും ഒരുവശത്ത് പുറത്താകാതെ നിന്നു. തന്റെ പ്രൈം ടൈമിനെ അനുസ്മിപ്പിക്കുന്ന റൂട്ടിനെ ഒരു വശത്ത് നിര്‍ത്തി മറുവശത്തെ ആക്രമിക്കാനുള്ള രണ്ടാം ദിവസത്തെ ഇന്ത്യയുടെ പ്ലാന്‍ ഫലം കണ്ടു.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഒല്ലി റോബിന്‍സണെ ജഡേജ പുറത്താക്കിയതോടെ ബാക്കി നീക്കങ്ങള്‍ വളരെ പെട്ടെന്നായി. ഷോയ്ബ് ബഷീറിനെ സില്‍വര്‍ ഡക്കാക്കി മടക്കിയ ജഡേജ പിന്നാലെയത്തിയ ജെയിംസ് ആന്‍ഡേഴ്‌സണും അധികം ആയുസ് നല്‍കിയില്ല.

നേരിട്ട നാലാം പന്തില്‍ ആന്‍ഡേഴ്‌സണെ പൂജ്യത്തിന് മടക്കി ജഡേജ ഇംഗ്ലണ്ട് ഇന്നിങ്‌സിന് വിരാമമിടുമ്പോള്‍ മറുവശത്ത് 274 പന്ത് നേരിട്ട റൂട്ട് 122 റണ്‍സ് നേടി പുറത്താകാതെ നിന്നു.

റൂട്ടിന് പുറമെ ഒല്ലി റോബിന്‍സണ്‍ (96 പന്തില്‍ 58), ബെന്‍ ഫോക്‌സ് (126 പന്തില്‍ 47), സാക്ക് ക്രോളി (42 പന്തില്‍ 42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് റണ്‍ വേട്ടക്കാര്‍.

ജഡേജ നാല് വിക്കറ്റ് നേടിയപ്പോള്‍ ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി. അശ്വിനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒരു റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഓവറില്‍ ആന്‍ഡേഴ്‌സണ്‍ റണ്‍ വഴങ്ങാതെ പന്തെറിഞ്ഞപ്പോള്‍ രണ്ടാം ഓവറില്‍ ഒല്ലി റോബിന്‍സണ്‍ എറിഞ്ഞ നോ ബോളിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്.

 

 

Content highlight: India vs England 4th test; England with first innings total of 353