| Monday, 26th February 2024, 3:46 pm

ലങ്കന്‍ ലെജന്‍ഡ് വീണു, ഇനി മുമ്പിലുള്ളത് ഒരിക്കലും മറികടക്കാന്‍ സാധിക്കാത്ത യഥാര്‍ത്ഥ ഇതിഹാസം; ഇന്ത്യയിലെ അശ്വിന്‍ മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരം അവസാനിച്ചപ്പോള്‍ 3-1ന് മുമ്പിലെത്താനും അവസാന മത്സരത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കാനും ആതിഥേയര്‍ക്കായി.

ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യയുടെ സ്പിന്‍ നിര വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. അശ്വിന്റെയും കുല്‍ദീപിന്റെയും സ്പിന്‍ അറ്റാക്കില്‍ ഇംഗ്ലണ്ടിന് ഉത്തരമുണ്ടായിരുന്നില്ല.

അശ്വിന്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ചൈനാമാന്‍ സ്പിന്നര്‍ തന്റെ റോള്‍ അതിഗംഭീരമാക്കി. ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ ഫോക്‌സ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ സാക്ക് ക്രോളി, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സണ്‍ എന്നിവരെ യാദവും പുറത്താക്കി. ജഡേജയാണ് ജോണി ബയര്‍‌സ്റ്റോയെ പുറത്താക്കിയത്.

ഈ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഹോം ടെസ്റ്റില്‍ ഏറ്റവുമധികം ഫൈഫര്‍ നേടിയ താരങ്ങളുടെ പട്ടികയിലെ രണ്ടാം സ്ഥാനം ഒറ്റക്ക് നേടിയാണ് അശ്വിന്‍ തരംഗമായത്.

റാഞ്ചി ടെസ്റ്റിന് മുമ്പ് വരെ ലങ്കന്‍ ലെജന്‍ഡ് രംഗന ഹെറാത്തിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ട അശ്വിന്‍, മത്സരശേഷം ഹെറാത്തിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് രണ്ടാമനായത്.

ഹോം ടെസ്റ്റില്‍ 27 ഫൈഫറുകളാണ് അശ്വിന്‍ ഇതോടെ തന്റെ പേരില്‍ കുറിച്ചത്.

കരിയറിലെ 99 മത്സരത്തില്‍ നിന്നും 507 വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. 35 കരിയര്‍ ഫൈഫറുകളാണ് താരത്തിന്റെ പേരിലുള്ളത്. ഇതിന് പുറമെ എട്ട് ടെന്‍ഫറുകളും 24 ഫോര്‍ഫറുകളും ഇന്ത്യന്‍ ഇതിഹാസം നേടിയിട്ടുണ്ട്.

ഹെറാത്തിനെ മറികടന്നെങ്കിലും ഒന്നാം സ്ഥാനത്തുള്ള മുരളീധരനെ മറികടക്കാന്‍ അശ്വിന് സാധിച്ചിട്ടില്ല. അശ്വിന്റെ കരിയര്‍ ഫൈഫറിനേക്കാള്‍ പത്ത് ഫൈഫറുകള്‍ അദ്ദേഹം സ്വന്തം മണ്ണില്‍ നിന്ന് മാത്രം സ്വന്തമാക്കിയിട്ടുണ്ട്.

കരിയറിലെ 133 മാച്ചില്‍ നിന്നും 67 ഫൈഫറാണ് മുരളീധരന്‍ തന്റെ പേരില്‍ കുറിച്ചത്. ഇതിന് പുറമെ 45 ഫോര്‍ഫറും 22 ടെന്‍ഫറുകളും ഇതില്‍ ഉള്‍പ്പെടും.

ഹോം ടെസ്റ്റില്‍ ഏറ്റവുമധികം ഫൈഫറുകള്‍ നേടിയ താരം

(താരം – ടീം – ഫൈഫര്‍ എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 45

ആര്‍. അശ്വിന്‍ – ഇന്ത്യ – 27

രംഗന ഹെറാത്ത് – ശ്രീലങ്ക – 26

അനില്‍ കുംബ്ലെ – ഇന്ത്യ – 25

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 24

Content Highlight: India vs England 4th Test, Ashwin surpassed Rangana Herath

We use cookies to give you the best possible experience. Learn more