ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 445 റണ്‍സ് നേടി ആതിഥേയര്‍. ആര്‍. അശ്വിന്റെയും ധ്രുവ് ജുറെലിന്റെയും പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തിയത്. ശേഷം ബുംറയും തന്റേതായ സംഭാവനകള്‍ നല്‍കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 445ലെത്തിയത്.
രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 388ന് ഏഴ് എന്ന നിലയിലായിരുന്നു ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ലഞ്ചിന് ശേഷം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 77 റണ്‍സാണ് ഏഴാം വിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.
ടീം സ്‌കോര്‍ 408ല്‍ നില്‍ക്കവെ അശ്വിനെ പുറത്താക്കി രെഹന്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്. 89 പന്ത് നേരിട്ട് 37 റണ്‍സുമായി തുടരവെ ജെയിംസ് ആന്‍ഡേഴ്‌സണ് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
അധികം വൈകാതെ ജുറെലും പുറത്തായി. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിക്ക് തൊട്ടുതെത്തിയ ശേഷമായിരുന്നു ജുറെല്‍ പുറത്തായത്. 104 പന്ത് നേരിട്ട് 46 റണ്‍സുമായി ക്രീസില്‍ തുടരവെ രെഹന്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
അവസാന ഓവറുകളില്‍ ബുംറയുടെ ചെറുത്തുനില്‍പും ഇന്ത്യക്ക് തുണയായി. 28 പന്തില്‍ 26 റണ്‍സുമായി നില്‍ക്കവെ മാര്‍ക് വുഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു.
ഒടുവില്‍ 445 റണ്‍സിന് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇവര്‍ക്ക് പുറമെ അര്‍ധ സെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ പ്രകടനവും ഇന്ത്യക്ക് തുണയായി.
രോഹിത് 196 പന്തില്‍ 131 റണ്‍സ് നേടിയപ്പോള്‍ 225 പന്തില്‍ 112 ഫണ്‍സാണ് ജഡേജ അടിച്ചെടുത്തത്. 66 പന്തില്‍ 62 റണ്‍സുമായി സര്‍ഫറാസും കരുത്ത് കാട്ടി.
ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് ഫോര്‍ഫര്‍ നേടി. രണ്ട് മെയ്ഡന്‍ അടക്കം 27.5 ഓവറില്‍ 114 റണ്‍സ് വിട്ടുകൊടുത്താണ് വുഡ് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. വുഡിന് പുറമെ രെഹന്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്‌ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: India vs England 3rd test updates