അശ്വിന്‍ തുടങ്ങിയത് സിറാജ് അവസാനിപ്പിച്ചു; സൗരാഷ്ട്രയില്‍ സിറാജിന്റെ സിംഹഗര്‍ജനം
Sports News
അശ്വിന്‍ തുടങ്ങിയത് സിറാജ് അവസാനിപ്പിച്ചു; സൗരാഷ്ട്രയില്‍ സിറാജിന്റെ സിംഹഗര്‍ജനം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th February 2024, 1:34 pm

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 126 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിനെ 319 റണ്‍സിന് പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചത്.

224ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിവസം ആരംഭിച്ച ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ 95 റണ്‍സിനിടെ പിഴുതെറിഞ്ഞാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തരംഗമായത്.

മൂന്നാം ദിനം ലഞ്ചിന് മുമ്പ് 290ന് അഞ്ച് എന്ന നിലയിലാണ് ഇംഗ്ലണ്ട് പിരിഞ്ഞത്. എന്നാല്‍ ലഞ്ചിന് തൊട്ടുപിന്നാലെ അടുത്തടുത്ത പന്തുകളില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കി.

65ാം ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ച് മടക്കിയപ്പോള്‍ 66ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് സിറാജ് ബെന്‍ ഫോക്‌സിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചും പുറത്താക്കി.

20 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ തിളങ്ങി. അവസാനക്കാരനായ ജെയിംസ് ആന്‍ഡേഴ്‌സണെ ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് വിരാമമിട്ടത്.

ആന്‍ഡേഴ്‌സണ്‍ അടക്കം നാല് ഇംഗ്ലണ്ട് താരങ്ങളാണ് സിറാജിനോട് തോറ്റ് പുറത്തായത്. ഒലി പോപ്പ്, ബെന്‍ ഫോക്‌സ്, രെഹന്‍ അഹമ്മദ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.

താരത്തിന്റെ കരിയറിലെ നാലാം ടെസ്റ്റ് ഫൈഫറാണിത്. 21.1 ഓവറില്‍ 84 റണ്‍സ് വഴങ്ങിയാണ് സിറാജ് നാല് വിക്കറ്റ് നേടിയത്.

സിറാജിന് പുറമെ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുംറയും അശ്വിനുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അതേസമയം, രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15 എന്ന നിലയിലാണ്. 16 പന്തില്‍ 12 റണ്‍സുമായി രോഹിത് ശര്‍മയും 14 പന്തില്‍ രണ്ട് റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.

 

Content Highlight: India vs England 3rd Test updates