| Thursday, 15th February 2024, 10:21 am

ബാറ്റിങ്ങിനിറങ്ങും മുമ്പ് തന്നെ ഗില്ലിനെ കടത്തിവെട്ടി, സച്ചിന് തൊട്ടുതാഴെ; സര്‍ഫറാസ് മാജിക്കിന് രാജ്‌കോട്ട് വേദിയാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന് പര്യടനത്തിലെ മൂന്നാം ടെസ്റ്റ് രാജ്‌കോട്ടില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

വിശാഖപട്ടണം ടെസ്റ്റില്‍ നിന്നും നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. പരിക്കേറ്റ് പുറത്തായ കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലും അരങ്ങേറ്റം കുറിക്കുകയും ചെയ്യും.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് സര്‍ഫറാസിന്റെ അരങ്ങേറ്റത്തോടെ ഫെബ്രുവരി 15ന് അവസാനമായിരിക്കുന്നത്. ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോഴും താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ ആരാധകര്‍ ഏറെ നിരാശരുമായിരുന്നു.

ഇപ്പോള്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ സര്‍ഫറാസിന് ടീമിലെ സ്ഥിരം സാന്നിധ്യമാകാന്‍ സാധിച്ചേക്കും.

ഇപ്പോള്‍ ആദ്യ മത്സരത്തിനിറങ്ങും മുമ്പ് തന്നെ റെക്കോഡ് നേട്ടമാണ് സര്‍ഫറാസ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മികച്ച ഫസ്റ്റ് ക്ലാസ് ശരാശരിയുള്ള താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയാണ് സര്‍ഫറാസ് കരുത്ത് കാട്ടിയത്. പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് തൊട്ടുതാഴെയാണ് സര്‍ഫറാസിന്റെ സ്ഥാനം.

ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് ആവറേജ് ഉള്ള താരങ്ങള്‍

(താരം – ശരാശരി – മത്സരം എന്നീ ക്രമത്തില്‍)

വിനോദ് കാംബ്ലി – 22.37 – 27

പ്രവീണ്‍ അമ്രേ – 81.23 – 23

യശസ്വി ജെയ്‌സ്വാള്‍ – 80.21 – 15

റുഷി മോദി – 71.28 – 38

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 70.18

സര്‍ഫറാസ് ഖാന്‍ – 69.85 – 45

ശുഭ്മന്‍ ഗില്‍ – 68.78 – 23

ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ ക്യാപ് ലഭിക്കാന്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കേണ്ടി വന്നതും സര്‍ഫറാസിന് തന്നെയാണ്.

46 മത്സരത്തില്‍ നിന്നും 69.85 ശരാശരിയില്‍ 3,912 റണ്‍സാണ് സര്‍ഫറാസ് നേടിയത്. 14 സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമുള്ള സര്‍ഫറാസിന്റെ ഉയര്‍ന്ന സ്‌കോര്‍ 301* ആണ്.

അതേസമയം, എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 32ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 10 പന്തില്‍ 10 റണ്‍സുമായി ജെയ്‌സ്വാളും ഒമ്പത് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ശുഭ്മന്‍ ഗില്ലുമാണ് പുറത്തായത്. മാര്‍ക് വുഡാണ് ഇരുവരെയും മടക്കിയത്.

19 പന്തില്‍ 15 റണ്‍സുമായി രോഹിത് ശര്‍മയും 11 പന്തില്‍ അഞ്ച് റണ്‍സുമായി രജത് പാടിദാറുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍

Content highlight: India vs England, 3rd Test,  Sarfaraz Khan surpassed Shubman Gill

We use cookies to give you the best possible experience. Learn more