സിക്‌സറടിച്ച് തകര്‍ത്തത് ധോണിയുടെ കരിയര്‍ ബെസ്റ്റ് ഇരട്ട റെക്കോഡ്; വല്ലാത്ത ഒരു ജനുസ് തന്നെ
Sports News
സിക്‌സറടിച്ച് തകര്‍ത്തത് ധോണിയുടെ കരിയര്‍ ബെസ്റ്റ് ഇരട്ട റെക്കോഡ്; വല്ലാത്ത ഒരു ജനുസ് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th February 2024, 3:30 pm

 

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി രോഹിത് ശര്‍മ. ടോപ് ഓര്‍ഡറിന്റെ അടിത്തറയിളകി ടീം വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രോഹിത് സ്‌കോര്‍ ഉയര്‍ത്തുകയാണ്.
33ന് മൂന്ന് എന്ന നിലയില്‍ ആരംഭിച്ച ഈ കൂട്ടുകെട്ട് ഇന്ത്യയെ 200 കടത്തിയിരിക്കുകയാണ്.

കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. ചായക്ക് പിരിയും മുമ്പ് പുറത്താകാതെ 97 റണ്‍സ് നേടിയ രോഹിത് ആദ്യ ദിനത്തിലെ അവസാന സെഷന്റെ തുടക്കത്തില്‍ തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു.

നേരിട്ട 157ാം പന്തിലാണ് രോഹിത് ശര്‍മ ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കിയത്. 11 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത് ശര്‍മയുടെ സെഞ്ച്വറി.

ഈ രണ്ട് സിക്‌സറുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ രണ്ട് തകര്‍പ്പന്‍ റെക്കോഡുകളാണ് സ്വന്തമാക്കിയത്. ഈ രണ്ട് നേട്ടങ്ങള്‍ക്കും മറികടന്നതാകട്ടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെയും.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന രണ്ടാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ഇതില്‍ ആദ്യം. മത്സരത്തിന് മുമ്പ് ധോണിയേക്കാള്‍ ഒരു സിക്‌സറിന് പിന്നില്‍ നിന്ന രോഹിത് ആദ്യ സിക്‌റടിച്ച് ധോണിക്കൊപ്പമെത്തുകയും രണ്ടാം സിക്‌സറടിച്ച് ധോണിയെ മറികടക്കുകയുമായിരുന്നു. ശേഷം മറ്റൊരു സിക്‌സറും താരം നേടി ധോണിയുമായുള്ള വ്യത്യാസം രണ്ട് സിക്‌സറാക്കി ഉയര്‍ത്തി.

ടെസ്റ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരം

(താരം – മത്സരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

വിരേന്ദര്‍ സേവാഗ് – 104 – 180 – 91

രോഹിത് ശര്‍മ – 57* – 97* – 80*

എം.എസ്. ധോണി – 90 – 144 –78

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 200 – 329 – 69

രവീന്ദ്ര ജഡേജ – 70* – 102* – 61*

കപില്‍ ദേവ് – 131 – 184 – 61

സൗരവ് ഗാംഗുലി – 113 – 188 – 57

റിഷബ് പന്ത് – 33 – 56 – 55

ഇതിന് പുറമെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. മത്സരത്തിന് മുമ്പ് ധോണിയേക്കാള്‍ രണ്ട് സിക്‌സറിന് പിന്നില്‍ നിന്ന രോഹിത് ആദ്യ രണ്ട് സിക്‌റടിച്ച് ധോണിക്കൊപ്പമെത്തുകയും മൂന്നാം സിക്‌സറടിച്ച് ധോണിയെ മറികടക്കുകയുമായിരുന്നു.

എല്ലാ ടീമുകളെയും കണക്കിലെടുത്താല്‍ രോഹിത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. 233 സിക്‌സറുമായി ഒയിന്‍ മോര്‍ഗനാണ് ഒന്നാമത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 233

രോഹിത് ശര്‍മ – ഇന്ത്യ – 212*

എം.എസ് ധോണി – ഇന്ത്യ – 211

റിക്കി പോണ്ടിങ്- ഓസ്‌ട്രേലിയ – 141

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 170

വിരാട് കോഹ്‌ലി – ഇന്ത്യ – 138

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 137

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 135

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 134

സൗരവ് ഗാംഗുലി – ഇന്ത്യ – 132

അതേസമയം, നിലവില്‍ 61 ഓവര്‍ പിന്നിടുമ്പോള്‍ 224 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. 187 പന്തില്‍ 124 റണ്‍സുമായി രോഹിത് ശര്‍മയും 147 പന്തില്‍ 78 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍ തുടരുകയാണ്.

 

Content Highlight: India vs England 3rd Test; Rohit Sharma surpasses MS Dhoni