|

സെഞ്ച്വറി, 200 വിക്കറ്റ്, 500 വിക്കറ്റ്, 3,000 റണ്‍സ്... ഒറ്റ ഇന്നിങ്‌സില്‍ ജഡേജയുടെ തേര്‍വാഴ്ച

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 319 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ സ്‌കോര്‍ ചെയ്തത്.

രോഹിത്തിന്റെയും ജഡേജയുടെയും സെഞ്ച്വറി കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ തകര്‍ത്തടിച്ച ഇന്ത്യ 126 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്.

സൂപ്പര്‍ താരം രവീന്ദ്ര ജഡേജയെ സംബന്ധിച്ച് ഈ മത്സരം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. റെഡ് ബോള്‍ ഫോര്‍മാറ്റിലെ പല റെക്കോഡുകളും സ്വന്തമാക്കിയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കയ്യടി നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ 225 പന്തില്‍ നിന്നും 112 റണ്‍സടിച്ചാണ് ജഡ്ഡു പുറത്തായത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ നാലാം സെഞ്ച്വറി നേട്ടമാണിത്. ഇതിന് പിന്നാലെ ടെസ്റ്റില്‍ 3,000 റണ്‍സ് എന്ന നേട്ടം പൂര്‍ത്തിയാക്കാനും ജഡേജക്കായി.

ബാറ്റുകൊണ്ട് റെക്കോഡിട്ട ജഡേജ പന്ത് കൊണ്ടും തിളങ്ങിയിരുന്നു. രണ്ട് തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയാണ് ജഡേജ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ 500 വിക്കറ്റ് എന്ന നേട്ടമാണ് ഇതില്‍ ആദ്യത്തേത്. മത്സരത്തിന് മുമ്പ് 499 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ തന്റെ പേരില്‍ കുറിച്ച ജഡേജ 500ാം വിക്കറ്റായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ തന്നെയാണ് മടക്കിയത്.

ക്രീസില്‍ നങ്കൂരമിട്ട സ്‌റ്റോക്‌സിയെ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ചാണ് താരം ഫസ്റ്റ് ക്ലാസിലെ വിക്കറ്റ് നേട്ടത്തില്‍ ക്വിന്റിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ ടോം ഹാര്‍ട്‌ലിയെയും മടക്കി താരം ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ തന്റെ വിക്കറ്റ് നേട്ടം 501 ആയി ഉയര്‍ത്തിയിരുന്നു.

അതേസമയം, ഹാര്‍ട്‌ലിയുടെ വിക്കറ്റ് മറ്റൊരു റെക്കോഡും ജഡേജക്ക് സമ്മാനിച്ചിരുന്നു. ഇന്ത്യന്‍ മണ്ണില്‍ 200 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും താരത്തിനായി.

ഇന്ത്യയില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

അനില്‍ കുംബ്ലെ – 350

ആര്‍. അശ്വിന്‍ – 347

ഹര്‍ഭജന്‍ സിങ് – 265

കപില്‍ ദേവ് – 219

രവീന്ദ്ര ജഡേജ – 200*

അതേസമയം, മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ 44ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 28 പന്തില്‍ 19 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

54 പന്തില്‍ 19 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 14 പന്തില്‍ അഞ്ച് റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

Content Highlight: India vs England 3rd Test, Ravindra Jadja with records