ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മികച്ച രീതിയിലാണ് ബാറ്റിങ് തുടരുന്നത്.
ഓപ്പണര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, അഞ്ചാം നമ്പറില്‍ ഇറങ്ങിയ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് ആദ്യ ദിവസം മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ പത്ത് പന്തില്‍ പത്ത് റണ്‍സുമായി പുറത്തായപ്പോള്‍ ഒമ്പത് പന്ത് നേരിട്ട് ഒറ്റ റണ്‍ പോലും കണ്ടെത്താതെയാണ് മൂന്നാമന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. രജത് പാടിദാര്‍ 15 പന്തില്‍ അഞ്ച് റണ്‍സ് നേടി പുറത്തായതോടെ 33 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ക്യാപ്റ്റനൊപ്പം ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിടുകയായിരുന്നു. നാലാം വിക്കറ്റില്‍ 204 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. രണ്ട് പേരും സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
196 പന്തില്‍ 131 റണ്‍സുമായി രോഹിത് പുറത്തായെങ്കിലും പിന്നാലെയെത്തിയ സര്‍ഫറാസിനെ ഒപ്പം കൂട്ടിയാണ് ജഡേജ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 66 പന്തില്‍ 62 റണ്‍സ് നേടി സര്‍ഫറാസ് ഖാനും പുറത്തായി.
ഈ സെഞ്ച്വറിക്ക് പിന്നാലെ കണക്കുകളിലെ യാദൃശ്ചികതയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
കരിയറിലെ 333ാം അന്താരാഷ്ട്ര മത്സരത്തിന് ടീം സ്‌കോര്‍ 33/3 എന്ന നിലയില്‍ ക്രീസിലെത്തിയ ജഡേജ ടെസ്റ്റ് ചരിത്രത്തിലെ 4444ാം സെഞ്ച്വറിയാണ് കുറിച്ചത്. അത് നേടിയതാകട്ടെ ഹോം ക്രൗഡിന് മുമ്പില്‍ വെച്ചും.
ഇതിന് പുറമെ ടെസ്റ്റ് ഫോര്‍മാറ്റില്‍ 3,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനും ജഡേജക്കായി. നിലവില്‍ 3,003 റണ്‍സാണ് ജഡ്ഡുവിന്റെ പേരിലുള്ളത്.
അതേസമയം, ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 326 റണ്‍സിന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 212 പന്തില്‍ പുറത്താകാതെ 110 റണ്‍സുമായി ജഡേജയും പത്ത് പന്തില്‍ ഒരു റണ്‍സുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടോം ഹാര്‍ട്‌ലി ഒരു വിക്കറ്റും നേടി.
(സ്റ്റാറ്റിന് കടപ്പാട്: കൗസ്തുഭ് ഗുഡ്പുഡി)
Content Highlight: India vs England, 3rd Test, Ravindra Jadeja scored century